മദ്രാസ് ഹൈക്കോടതി ജഡ്‌ജിക്കെതിരെ ഇംപീച്ച്മെന്റുമായി 'ഇന്ത്യ' തിരുപരൻകുണ്ഡ്രം മലയിൽ ദീപം തെളിക്കാൻ അനുമതി നൽകിയ ജഡ്‌ജി

Wednesday 10 December 2025 12:17 AM IST

ന്യൂഡൽഹി: തമിഴ്നാട്ടിലെ തിരുപരൻകുണ്ഡ്രം മലയിൽ കാ‌ർത്തിക ദീപം തെളിക്കാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജഡ്‌ജി ജി.ആർ. സ്വാമിനാഥനെ ഇംപീച്ച് ചെയ്യണമെന്ന് 'ഇന്ത്യ' സഖ്യം. ഇന്നലെ ഡി.എം.കെ എം.പി കനിമൊഴിയുടെ നേതൃത്വത്തിൽ 120ൽപ്പരം പ്രതിപക്ഷ എം.പിമാർ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് കൈമാറി. കോൺഗ്രസിലെ പ്രിയങ്ക ഗാന്ധി,ഡി.എം.കെയിലെ ടി.ആർ. ബാലു, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർക്കൊപ്പമാണ് കനിമൊഴി സ്‌പീക്കറെ കണ്ടത്. ഒരു പ്രത്യേക രാഷ്‌ട്രീയ ആശയത്തെ പിന്താങ്ങുന്ന പ്രവൃത്തിയാണ് ജഡ്‌ജിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് പ്രമേയത്തിൽ ആരോപിച്ചു. ജുഡിഷ്യൽ നിഷ്‌പക്ഷത,സുതാര്യത,മതേതരത്വം എന്നിവ സംബന്ധിച്ച ചോദ്യങ്ങളുയരുന്നുവെന്നും ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയുടെ

പരിഗണനയിൽ

തിരുപരൻകുണ്ഡ്രം മലയിലെ ദർഗയ്‌ക്ക് സമീപത്തെ തൂണിൽ ഡിസംബർ 4ന് കാർത്തിക വിളക്ക് തെളിക്കാനാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ച് അനുമതി നൽകിയിരുന്നത്. ഉച്ചിപിള്ളയാർ ക്ഷേത്രത്തിലെ ദീപ മണ്ഡപത്തിൽ കാർത്തിക ദീപം തെളിക്കുന്നതാണ് നൂറ്റാണ്ടുകളായുള്ള ആചാരം. എന്നാൽ, തിരുപരൻകുണ്ഡ്രം മലയുടെ മുകളിൽ തന്നെ ദീപം തെളിക്കണമെന്നാണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. അനുകൂല ഉത്തരവ് കോടതി നൽകിയെങ്കിലും നടപ്പാക്കിയില്ല. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മേഖല കനത്ത ജാഗ്രതയിലാണ്. വിധിക്കെതിരെ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.