തോക്ക് ചൂണ്ടി കവർച്ച; കാർ തിരിച്ചറിഞ്ഞു
കൊച്ചി: പൂനെ സ്വദേശിയായ യുവാവിനെ എറണാകുളം നോർത്ത് അയ്യപ്പൻകാവിൽ നിന്ന് തോക്ക് ചൂണ്ടി കാറിൽ തട്ടിക്കൊണ്ട് പോയ കേസിൽ കാർ തിരിച്ചറിഞ്ഞു. സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് കാറിന്റെ രജിസ്ട്രേഷൻ നമ്പരുൾപ്പെടെ തിരിച്ചറിഞ്ഞത്. പ്രതികളെക്കുറിച്ചും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു.
എറണാകുളത്ത് സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ചിൻമെ ദത്താരം ആംബ്രേയയെയാണ് (20) തോക്ക് ചൂണ്ടി കാറിൽ തട്ടിക്കൊണ്ടുപോയത്. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷന് സമീപത്തെ സ്വപ്നിൽ എൻക്ലേവിൽ താമസിക്കുന്ന യുവാവ് അയ്യപ്പൻകാവ് എൽ.ബി കോംപ്ലക്സിൽ താമസിക്കുന്ന സുഹൃത്തിനെ കാണാൻ കാൽനടയായി പോകവെ അയ്യപ്പൻകാവ് റോഡിൽ വച്ച് ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.
യുവാവിനെ ഭീഷണിപ്പെടുത്തി 3000 രൂപ ഗൂഗിൾ പേ വഴി സംഘം കൈക്കലാക്കി. എറണാകുളം നഗരം കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനമെന്നാണ് സൂചന. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് മുമ്പും കവർച്ച നടത്തിയതായി സംശയിക്കുന്നു. എറണാകുളം നോർത്ത് പൊലീസിനാണ് അന്വേഷണച്ചുമതല.