വെളിപ്പെടുത്തലിൽ കേസെടുക്കണം എൽ.ഡി.എഫ്

Wednesday 10 December 2025 12:23 AM IST

കൊടുങ്ങല്ലൂർ: നഗരസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ബി.ജെ. പി ഗൂഢപദ്ധതിയിടുന്നുവെന്ന സച്ചിദാനന്ദന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റി. ബി.ജെ.പിയിൽ നിന്നും അടുത്തിടെ രാജിവച്ച് കോൺഗ്രസിൽ ചേർന്ന സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. തൃശൂർ പൂരം കലക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതുപോലുള്ള പദ്ധതികളാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നായിരുന്നു ആരോപണം. ഈ വിഷയം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പി റവാഡ ചന്ദ്രശേറിനും പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരോപണത്തിൽ പൊലീസ് സമഗ്രാന്വേഷണം നടത്തണം. ബി.ജെ.പിയുടെ കുടില തന്ത്രങ്ങൾക്കെതിരെ കൊടുങ്ങല്ലൂരിലെ മതേതര ജനാധിപത്യശക്തികൾ ജാഗ്രത പാലിക്കണം. സമാധാനം സംരക്ഷിക്കാൻ പൊലീസ് നടപടികൾ സ്വീകരിക്കണമെന്നും എൽ.ഡി.എഫ് മുനിസിപ്പിൽ കമ്മിറ്റി ആവശ്യപ്പെട്ടു.