അസം സ്വദേശിയെ കുത്തിയ കേസിൽ പ്രതി പിടിയിൽ 

Wednesday 10 December 2025 1:25 AM IST

കണ്ണൂർ: നഗരത്തിൽ അസം സ്വദേശിയായ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. അസം സ്വദേശി അസറുദ്ദീൻ മണ്ഡൽ (32) നാണ് കുത്തേറ്റത്. ഉത്തർപ്രദേശ് സ്വദേശി രാകേഷ് കുമാർ (27) ആണ് മാരകമായി നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അസറുദ്ദീൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പകൽ രണ്ടര മണിയോടെ കണ്ണൂർ പാറക്കണ്ടിക്കടുത്ത ക്വാർട്ടേഴ്സിലെ മൂന്നാം നിലയിലാണ് സംഭവം. അടുത്തടുത്ത മുറികളിൽ താമസിക്കുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം ഒടുവിൽ കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. പ്രതിയുടെ ഭാര്യയോട് അസറുദ്ദീൻ സംസാരിച്ചതിലുള്ള വിരോധത്തെ തുടർന്നാണ് കൊല്ലണമെന്ന ഉദ്ദേശത്തോടെ നെഞ്ചിൽ കുത്തിയതെന്ന് പരാതിയിൽ പറയുന്നു. ടൗൺ ഇൻസ്‌പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്