എസ്.ഐ.ആർ: കേരളത്തിന്റെ സമയം ഇനി നീട്ടില്ല

Wednesday 10 December 2025 1:53 AM IST

ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർപ്പട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയുടെ സമയപരിധി രണ്ടാഴ്ച കൂടി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിഷയം 18ന് വീണ്ടും പരിഗണിക്കുമ്പോൾ സാഹചര്യം വിലയിരുത്തി സമയപരിധി നീട്ടുന്നതിൽ തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. രാജ്യവ്യാപകമായി ബി.എൽ.ഒമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് കർശന നിർദ്ദേശവും നൽകി.

സംസ്ഥാന സർക്കാരും, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണ് കേരളത്തിലെ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടത്. 20 ലക്ഷം എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുണ്ട്. മറ്റിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ ക്രിസ്‌മസ് അവധിക്ക് വീട്ടിലെത്തും. അവർക്കും ഫോം സമ‌ർപ്പിക്കാൻ സാവകാശം ലഭിക്കണമെന്നും ഹർജിക്കാർ വാദിച്ചു.

എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകൻ രാകേഷ് ദ്വിവേദി എതിർത്തു. എന്യുമറേഷൻ ഫോമുകൾ സ്വീകരിക്കുന്നത് ഡിസംബർ 18 വരെ നീട്ടിയിട്ടുണ്ട്. ആവശ്യമെങ്കിൽ കമ്മിഷൻ സ്വമേധയാ സമയപരിധി നീട്ടാമെന്നും ദ്വിവേദി അറിയിച്ചു. ബി.എൽ.ഒമാരെ ആക്രമിക്കുന്നത് ഗൗരവത്തോടെ കൈകാര്യം ചെയ്‌തില്ലെങ്കിൽ അരാജകത്വമാകും ഫലമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പശ്ചിമ ബംഗാളിൽ ബി.എൽ.ഒമാർ ആക്രമിക്കപ്പെടുകയാണെന്ന ഹർജി പരിഗണിക്കവെയാണിത്.

ബി.എൽ.ഒമാർക്ക് ജോലി ഭാരമില്ലെന്നും, രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകളാണ് സമ്മർദ്ദമുണ്ടാക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കേരളത്തിലെ അനീഷ് ജോർജിന്റെ ആത്മഹത്യയ്‌ക്ക് കാരണം സി.പി.എമ്മിന്റെ സമ്മർദ്ദമാണെന്ന് കോൺഗ്രസ് ആരോപിച്ചതായി വാർത്തകളുണ്ടെന്നും അറിയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ കളികളിൽ ഇടപെടാനില്ലെന്ന് കോടതി പ്രതികരിച്ചു.