കാണാതായ സ്ഥാനാർത്ഥി യുവാവിനൊപ്പം മജിസ്ട്രേറ്റിന് മുന്നിൽ
തലശ്ശേരി: ചൊക്ലി പഞ്ചായത്തിലെ ഒമ്പതാം വാർഡായ കാഞ്ഞരത്തീൻകീഴിൽ നിന്ന് കാണാതായ യു.ഡി.എഫ് സ്ഥാനാർത്ഥിയും മുസ്ലിം ലീഗ് പ്രവർത്തകയുമായ ടി.പി. അറുവ (29) ബി.ജെ.പി പ്രവർത്തകനായ യുവാവിനൊപ്പം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നറിയിച്ച യുവതിയെ യുവാവിനൊപ്പം മജിസ്ട്രേറ്റ് വിട്ടയച്ചു.
സ്ഥാനാർത്ഥിയെ കാണാതായതിനെ ചൊല്ലി കഴിഞ്ഞ മൂന്ന് ദിവസമായി രാഷ്ട്രീയ തർക്കം രൂക്ഷമായിരുന്നു. ശക്തമായ പോരാട്ടം നടക്കുന്ന വാർഡിലെ വോട്ട് ഭിന്നിപ്പിക്കാൻ സി.പി.എം നടത്തുന്ന നാടകമെന്നായിരുന്നു യു.ഡി.എഫ് ആരോപിച്ചത്. സ്ഥാനാർത്ഥിയെ സി.പി.എം ഒളിപ്പിച്ചിരിക്കാനാണ് സാദ്ധ്യതയെന്നായിരുന്നു ആരോപണം. എന്നാൽ തങ്ങൾക്ക് ഈ വിഷയത്തിൽ അറിവില്ലെന്നായിരുന്നു എൽ.ഡി.എഫ് നേതാക്കളുടെ വിശദീകരണം.
പിന്നാലെ അറുവയെ കാണാനില്ലെന്ന് മാതാവ് നജ്മ ചൊക്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിലാണ് ബി.ജെ.പി പ്രവർത്തകനായ സുഹൃത്തിനൊപ്പം ഇവർ പോയതായി കണ്ടെത്തിയത്. തുടർന്ന് ഇവരെ ബന്ധപ്പെട്ട് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കുകയായിരുന്നു.
പത്രികാസമർപ്പണം മുതൽ വീടുകയറിയും മറ്റുമുള്ള പ്രചാരണപ്രവർത്തനങ്ങളിൽ സജീവമായിരുന്നു സ്ഥാനാർത്ഥി. ഫോണിലും യുവതിയെ യു.ഡി.എഫ് നേതൃത്വത്തിന് ലഭിച്ചിരുന്നില്ല. എൽ.ഡി.എഫിന്റെ എൻ.പി.സജിതയും ബി.ജെ.പിയിലെ പ്രബിജയുമാണ് അറുവയുടെ എതിർ സ്ഥാനാർത്ഥികൾ.