ഗവായിക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകന് ചെരുപ്പിനടി

Wednesday 10 December 2025 2:16 AM IST

ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകന് ഇന്നലെ ചെരുപ്പിനടി കിട്ടി. ഡൽഹി കർകട്ഡൂമ കോടതിവളപ്പിലാണ് അഡ്വ. രാകേഷ് കിഷോറിനെ ഒരുസംഘം കൈകാര്യം ചെയ്‌തത്. ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. അക്രമികളുടെ മുഖം വീഡിയോയിൽ വ്യക്തമല്ല. അടി കൊള്ളുമ്പോഴും 'സനാതൻ ധർമ്മ കി ജയ് ഹോ' എന്ന് അഭിഭാഷകൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. 100ൽപ്പരം പേരുണ്ടായിരുന്നുവെന്ന് അടിയേറ്റ അഭിഭാഷകൻ പ്രതികരിച്ചു. എന്തിനാണ് ആക്രമിക്കുന്നതെന്ന് രാകേഷ് ചോദിച്ചപ്പോൾ,ഗവായിക്കെതിരെ അതിക്രമത്തിന് മുതി‌‌ർന്നതിനാണെന്ന് സംഘം പറഞ്ഞു. സനാതന ധർമ്മത്തെ ഗവായ് അപമാനിച്ചുവെന്ന് ആരോപിച്ചാണ് കഴിഞ്ഞ ഒക്ടോബർ 6ന് ചീഫ് ജസ്റ്റിസ് കോടതിയിൽ അതിക്രമശ്രമമുണ്ടായത്. അഭിഭാഷകനെതിരെ നടപടി വേണ്ടെന്ന് ഗവായ് നിലപാടെടുത്തിരുന്നു.