ആദ്യം പൗരത്വം :പിന്നിട് വോട്ട്
ന്യൂഡൽഹി: ആദ്യം പൗരത്വം നേടൂ, പിന്നിടാകാം വോട്ടെന്ന് കുടിയേറ്രക്കാരുടെ വിഷയം പരിഗണിക്കവെ സുപ്രീംകോടതി പറഞ്ഞു. 2014ന് മുൻപ് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്‌ത്യൻ, ജെയിൻ കുടിയേറ്റക്കാരുടെ പരാതിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
പൗരത്വ സർട്ടിഫിക്കറ്റ് വിതരണം വൈകുന്നത് കാരണം പശ്ചിമബംഗാളിലെ അടക്കം വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കുമെന്ന് സന്നദ്ധ സംഘടനയായ ആത്മദീപ് ആശങ്കയുന്നയിച്ചു. പൗരത്വ ഭേദഗതി നിയമപ്രകാരം അപേക്ഷിച്ചവരുടെ പൗരത്വത്തിൽ തീരുമാനമാകാതെ എങ്ങനെ വോട്ടർപട്ടികയിലിടം നൽകാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി. അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം, അസാമിനെ എസ്.ഐ.ആറിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചു. ബീഹാർ എസ്.ഐ.ആർ വിഷയത്തിൽ തങ്ങൾ അഭിപ്രായം രേഖപ്പെടുത്തിയാൽ കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും അതിന്റെ പ്രതിഫലനങ്ങളുണ്ടാകുമെന്നും കോടതി കൂട്ടിച്ചേർത്തു.