95കാരനും ഭിന്നശേഷിക്കാരി പേരക്കുട്ടിയും വോട്ടിട്ടു

Wednesday 10 December 2025 3:07 AM IST

മലയിൻകീഴ് : വാർദ്ധക്യത്തിന്റെ അവശതയിലും വിളപ്പിൽശാല ചെറുതേരി ഗജാനനത്തിൽ 95-കാരൻ ശ്രീധരൻനായർ വോട്ട് ചെയ്യാൻ ഭാര്യ ചന്ദ്രികഅമ്മ(84)യോടൊപ്പമെത്തി.ഇവരുടെ ചെറുമകൾ വിളപ്പിൽശാല ബഡ്സ് സ്കൂൾ വിദ്യാർത്ഥിനികൃഷ്ണപ്രിയ(28)യും ഒപ്പമുണ്ടായിരുന്നു.തലമുറകളുടെ സംഗമമായി ഇവരുടെ വോട്ട് രേഖപ്പെടുത്തൽ.വിളപ്പിൽശാല ഗവ.യു.പി സ്കൂളിലെ ഹരിത പോളിംഗ് ബൂത്തിലായിരുന്നു മൂന്ന് പേരും ഇന്നലെ രാവിലെ 9.മണിയോടെ വോട്ട് ചെയ്യാനെത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിളപ്പിൽശാല വാർഡിലായിരുന്നു ഇവർക്ക് വോട്ട്. വാർഡ് വിഭജനത്തെ തുടർന്ന് ഇത്തവണ കരുവിലാഞ്ചി വാർഡിലായിരുന്നു വോട്ട്.ശ്രീധരൻനായരുടെ മകൾ ശോഭനകുമാരിയുടെ മരണത്തെ തുടർന്ന് ,പത്ത് വർഷമായി ഭിന്നശേഷിക്കാരിയായ പേരക്കുട്ടി കൃഷ്ണപ്രിയ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് താമസിക്കുന്നത്.1951-ൽ ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് തുടങ്ങിയതാണ് ശ്രീധരൻനായരും ചന്ദ്രികഅമ്മയും. കൃഷ്ണപ്രിയയുടെ രണ്ടാമത്തെ വോട്ടവകാശമാണ് ഇന്നലെ രേഖപ്പെടുത്തിയത്.

(ഫോട്ടോ അടിക്കുറിപ്പ്....വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ കാട്ടുന്ന ശ്രീധരൻനായർ(95),ഭാര്യ ചന്ദ്രികഅമ്മ(84),ഭിന്നശേഷിക്കാരിയായ പേരക്കുട്ടി കൃഷ്ണപ്രിയ(28)എന്നിവർ.)