മിസ് യൂണിവേഴ്സ് മത്സരാർത്ഥി ഐ.സി.യുവിൽ

Wednesday 10 December 2025 7:21 AM IST

ബാങ്കോക്ക്: മിസ് യൂണിവേഴ്സ് 2025 മത്സരത്തിനിടെ വേദിയിൽ വീണ് ഗുരുതര പരിക്കേറ്റ ജമൈക്കയിൽ നിന്നുള്ള മത്സരാർത്ഥി ഡോ. ഗബ്രിയേൽ ഹെൻറി ഐ.സി.യുവിൽ തുടരുന്നു. ഗബ്രിയേലിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ പ്രസ്താവന ഇറക്കുകയായിരുന്നു.

ഗബ്രിയേലിന്റെ തലയിൽ ആന്തരിക രക്തസ്രാവമുണ്ടായെന്നും എല്ലിന് പൊട്ടലുണ്ടെന്നും മുഖത്ത് മുറിവുകൾ സംഭവിച്ചെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ഗബ്രിയേൽ സുഖംപ്രാപിച്ചു വരികയാണെന്നും വൈകാതെ ജമൈക്കയിലേക്ക് തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

എന്നാൽ 24 മണിക്കൂറും അവർക്ക് പ്രത്യേക നിരീക്ഷണം തുടരുന്നുണ്ടെന്നും ഓർഗനൈസേഷൻ വ്യക്തമാക്കി. കഴിഞ്ഞ മാസം 19നാണ് തായ്‌ലൻഡിലെ ബാങ്കോക്കിൽ മിസ് യൂണിവേഴ്സ് 2025ന്റെ ഈവിനിംഗ് ഗൗൺ വിഭാഗത്തിൽ മത്സരിക്കവെ ഗബ്രിയേൽ സ്റ്റേജിലെ ഒരു ഓപ്പണിംഗിലൂടെ കാൽവഴുതി വീണത്.

വീഴ്ചയ്ക്ക് പിന്നാലെ ബോധം നഷ്ടപ്പെട്ട ഗബ്രിയേലിനെ അധികൃതർ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 28കാരിയായ ഗബ്രിയേൽ നേത്രരോഗ വിദഗ്‌ദ്ധയാണ്. സംഭവത്തിന് പിന്നാലെ മത്സരം തുടർന്നതിന്റെ പേരിൽ മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ വിമർശിക്കപ്പെട്ടിരുന്നു. മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് ഫെർണാണ്ടസാണ് മിസ് യൂണിവേഴ്സ് 2025 കിരീടം ചൂടിയത്.

# ആരോപണങ്ങൾ തള്ളി അധികൃതർ

 സ്റ്റേജിലെ ഭയാനകമായ വീഴ്ചയ്ക്ക് ഗബ്രിയേലിനെ തങ്ങൾ കുറ്റപ്പെടുത്തിയെന്ന വാർത്ത മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ നിഷേധിച്ചു. മിസ് യൂണിവേഴ്സ് ഹെയ്തി മെലീസ സാപിനിയാണ് ആരോപണം ഉന്നയിച്ചത്

 ഗബ്രിയേലിന് എല്ലാ പിന്തുണയും നൽകും. ചികിത്സാ ചെലവ് പൂർണമായും വഹിക്കും. തായ്‌ലൻഡിൽ തുടരുന്ന അവരുടെ അമ്മയുടെയും സഹോദരിയുടെയും താമസം അടക്കമുള്ള ചെലവുകളും വഹിക്കുന്നു. ജമൈക്കയിൽ എത്തിച്ച ശേഷവും ഗബ്രിയേലിന് ചികിത്സ തുടരും