ഓസ്ട്രേലിയയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് പ്രാബല്യത്തിൽ
കാൻബെറ: ഓസ്ട്രേലിയയിൽ 16 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നത് വിലക്കിയുള്ള നിയമം പ്രാബല്യത്തിൽ വന്നു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം ഇത്തരം വിലക്ക് ഏർപ്പെടുത്തുന്നത്. ഇൻസ്റ്റഗ്രാം, എക്സ്, സ്നാപ് ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്ക് ബാധകമാണ്. യൂട്യൂബ് കിഡ്സ്, ഗൂഗിൾ ക്ലാസ്റൂം, വാട്സ്ആപ്പ് എന്നിവയ്ക്ക് ബാധകമല്ല.
നിയമം ലംഘിക്കുന്ന കുട്ടികൾക്കോ മാതാപിതാക്കൾക്കോ ശിക്ഷയില്ല. എന്നാൽ നിയമം പാലിക്കാത്ത കമ്പനികൾ 4.95 കോടി ഓസ്ട്രേലിയൻ ഡോളർ വരെ പിഴ നൽകേണ്ടി വരും. കുട്ടികൾ അക്കൗണ്ട് ആരംഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വീഡിയോ സെൽഫി, സർക്കാർ ഐ.ഡി കാർഡ് തുടങ്ങി പ്രായം സ്ഥിരീകരിക്കുന്ന നടപടികൾ കമ്പനികൾ സ്വീകരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം മെറ്റ അടക്കമുള്ള കമ്പനികൾ കുട്ടികളുടെ അക്കൗണ്ടുകൾ നീക്കി.
നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗത്തിലൂടെ കുട്ടികൾ ഫോണിലേക്ക് മാത്രം ചുരുങ്ങിയെന്നും ഇത് അവരുടെ മാനസികാരോഗ്യത്തെയും സ്വഭാവത്തെയും ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.