മൂന്നിരട്ടി വർദ്ധന; ഇനി മുതൽ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 3.45 ലക്ഷം, ബില്ല് പാസാക്കി
ഭുവനേശ്വർ: സംസ്ഥാനത്തെ എംഎൽഎമാർക്കുള്ള പ്രതിമാസ ശമ്പളം മൂന്ന് മടങ്ങിലധികം വർദ്ധിപ്പിച്ച് ഒഡീഷ സർക്കാർ. 1.11 ലക്ഷത്തിൽ നിന്ന് 3.45 ലക്ഷമായാണ് വർദ്ധിപ്പിച്ചത്. 2024 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർദ്ധനവിന് അംഗീകാരം നൽകിയതെന്ന് സംസ്ഥാന പാർലമെന്ററി കാര്യ മന്ത്രി മുകേഷ് മഹാലിംഗ് പറഞ്ഞു. വർദ്ധനവ് പ്രാബല്യത്തിൽ വരുത്തുന്ന നാല് ബില്ലുകളും നിയമസഭ ഏകകണ്ഠമായി ചൊവ്വാഴ്ച പാസാക്കി.
മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളം, മുൻ എംഎൽഎമാരുടെ പെൻഷൻ എന്നിവയും മൂന്നിരട്ടിയായി വർദ്ധിപ്പിച്ചു. ഏതെങ്കിലും സിറ്റിംഗ് എംഎൽഎ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാനും അലവൻസുകൾ, പെൻഷൻ എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിൽ ഉണ്ട്. നിലവിൽ നിയമസഭയിലെ അംഗങ്ങൾക്ക് 1.11 ലക്ഷമാണ് അലവൻസ് അടക്കം മാസം തോറും ലഭിച്ചിരുന്നത്. ഇത് ഇനിമുതൽ 3.25 ലക്ഷമാകും. 2007 മുതൽ അംഗങ്ങൾ ആവശ്യപ്പെട്ട വർദ്ധനവാണ് ബിജെപി സർക്കാർ നടപ്പിലാക്കിയത്.
പുതിയ ശമ്പളക്രമം അനുസരിച്ച് എംഎൽഎമാർക്ക് 90,000 രൂപ ശമ്പളമായും 75,000 രൂപ മണ്ഡലം അലവൻസായും 10,000 രൂപ ബുക്ക് അലവൻസായും 50,000 രൂപ യാത്ര അലവൻസായും 20,000 രൂപ വെെദ്യുതി അലവൻസായും 35,000 രൂപ മെഡിക്കൽ അലവൻസായും 15,000 രൂപ ടെലിഫോൺ അലവൻസായും ലഭിക്കും. ഇതിന് പുറമെ മുൻ എംഎൽഎമാർക്ക് 1.17 ലക്ഷം രൂപ പെൻഷനായി ലഭിക്കും. ഒന്നിലേറെ തവണ എംഎൽഎമാരായവർക്ക് ഓരോ തവണയ്ക്കും 3000 രൂപ അധികമായി ലഭിക്കും.
മുഖ്യമന്ത്രിക്ക് പ്രതിമാസം 3.74 ലക്ഷവും നിയമസഭാ സ്പീക്കർക്കും ഉപമുഖ്യമന്ത്രിക്കും 3.68 ലക്ഷവും ഡെപ്യൂട്ടി സ്പീക്കറിനും സഹമന്ത്രിക്കും 3.56 ലക്ഷവും ലഭിക്കും. പ്രതിപക്ഷ നേതാവിനും കാബിനറ്റ് മന്ത്രിമാർക്കും 3.62 ലക്ഷവും ലഭിക്കും. സർക്കാർ ചീഫ് വിപ്പിന് 3.62 ലക്ഷവും ഡെപ്യൂട്ടി ചീഫ് വിപ്പിന് 3.5 ലക്ഷവും പ്രതിമാസം ലഭിക്കും.