വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം; "ഒന്നരവർഷമായി ഒന്നിച്ചല്ല", വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഹരിത ജി നായർ

Wednesday 10 December 2025 10:39 AM IST

മലയാളികൾക്ക്, പ്രത്യേകിച്ച് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഹരിത ജി നായർ. വിവാഹമോചനം നേടിയ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് നടിയിപ്പോൾ. എഡിറ്റർ വിനായക് ആയിരുന്നു ഹരിതയുടെ ഭർത്താവ്. 2023 നവംബറിലായിരുന്നു വിവാഹം.

ഹരിതയും വിനായകും ബാല്യകാല സുഹൃത്തുക്കളായിരുന്നു. പതിനഞ്ച് വർഷത്തെ സൗഹൃദത്തിനൊടുവിലായിരുന്നു വിവാഹം. എന്നാൽ പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ചതാണെന്നും നടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കിപ്പുറമാണ് വേർപിരിയൽ. 'ഒന്നരവർഷം വേർപിരിഞ്ഞ് കഴിഞ്ഞതിന് ശേഷം ഞാനും വിനായകും ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ, ഔദ്യോഗികമായി വിവാഹബന്ധം അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. പരസ്പരം ആശംസകൾ നേരുന്നത് തുടരും. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് വേർപിരിയുന്നത്. ആ കാരണം ഞങ്ങൾക്കിടയിൽ മാത്രം നിൽക്കും. ഈ യാത്രയിൽ ഞങ്ങളുടെ കുടുംബങ്ങൾ അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. അവർ ഞങ്ങളെ മനസിലാക്കിയതിൽ ശരിക്കും നന്ദിയുണ്ട്.

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് മാദ്ധ്യമങ്ങളോടും അഭ്യുദയകാംക്ഷികളോടും അഭ്യർത്ഥിക്കുന്നു. ആ ദുഷ്‌കരമായ സമയത്ത് കൂടെ നിന്ന ഞങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകൾക്കതീതമാണ്. ഞങ്ങളുടെ ജീവിതം സമാധാനത്തോടെ മുന്നോട്ടുനീങ്ങാൻ ദയവായി ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ'- ഹരിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.