15 വർഷമായി സീരിയലിൽ നിന്ന് കിട്ടുന്നത് 3000 രൂപ, ഒടുവിൽ ഡെലിവറി ഗേളായി; ഇപ്പോഴത്തെ വരുമാനത്തെപ്പറ്റി നടി
നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് കവിത ലക്ഷ്മി. നടി ഇപ്പോൾ സീരിയലിൽ അത്ര സജീവമല്ല. ചെന്നൈയിൽ ഡെലിവറി ഗേളായി ജോലി ചെയ്യുകയാണ് അവരിപ്പോൾ. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമൊക്കെ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്.
മകളുടെ പഠനത്തിന് പണം കണ്ടെത്തുകയാണ് ലക്ഷ്യം. മകന്റെ പഠനത്തിന് പണം കണ്ടെത്താൻ വേണ്ടി കവിത നേരത്തെ സീരിയലിൽ നിന്ന് ഇടവേളയെടുത്ത് തട്ടുകടയിട്ടിരുന്നു. ഇപ്പോൾ മകളുടെ പഠനത്തിനുള്ള പണം സ്വരുക്കൂട്ടാൻ ഡെലിവറി ഗേളായി. ഇതിലൂടെ ഒരാഴ്ച 14000 രൂപ വരെ ഉണ്ടാക്കാൻ സാധിക്കുന്നു. ഇതിലൂടെ ലോണും മകളുടെ ഫീസുമെല്ലാം അടയ്ക്കാൻ സാധിക്കുന്നു.
ഇടയ്ക്ക് രണ്ട് മൂന്ന് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. പതിനഞ്ച് വർഷം സീരിയൽ ചെയ്തു. എന്നാൽ 3000 -3500 രൂപയാണ് ലഭിക്കുന്നത്. ഈ തുകയ്ക്ക് പറ്റുമെങ്കിൽ ചെയ്താൽ മതിയെന്നാണ് അണിയറപ്രവർത്തകർ പറയുക. സീരിയലിനായി ചെരുപ്പും വസ്ത്രങ്ങളുമൊക്കെ വാങ്ങേണ്ടിവരും. അതിനാൽത്തന്നെ ഈ തുക കൊണ്ട് തന്റെ കാര്യം നടക്കില്ല. അങ്ങനെയാണ് ഡെലിവറി ഗേളായത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളൊക്കെ കവിത പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തോളം ഫോളോവേഴ്സാണ് നടിക്കുള്ളത്.