വെറുതെ ഒരു കൈനോക്കാമെന്ന് കരുതി റാമ്പിലിറങ്ങി; 300 പേരെ പിന്നിലാക്കി വിജയിയായി ‌ഡോക്‌ടർ

Wednesday 10 December 2025 2:20 PM IST

തൃശൂർ: മിസിസ് ഇന്ത്യയാകാനുള്ള തയ്യാറെടുപ്പിലാണ് ഡോ. മീനു പ്രസന്നൻ. ഡോക്ടറായും എഴുത്തുകാരിയായും നർത്തകിയായും അവതാരകയായുമെല്ലാം തിളങ്ങിയ ഡോ.മീനു ഒരു കൈനോക്കാമെന്ന് കരുതിയാണ് റാമ്പിലിറങ്ങിയത്. മുന്നൂറോളം പേരെ പിന്നിലാക്കി മിസിസ് കേരളയാകുകയും ചെയ്തു. ഇനി അടുത്ത ലക്ഷ്യം മിസിസ് ഇന്ത്യ ആണ്. കഴിഞ്ഞദിവസം തൃശൂരിൽ നടന്ന മിസിസ് കേരള ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ സീസൺ 8 മത്സരത്തിലാണ് മീനു വിജയിയായത്.

തൃശൂർ ഗവ. ജനറൽ ആശുപത്രിയിൽ പീഡിയാട്രിക് ഡെന്റൽ സ്പെഷ്യലിസ്റ്റായ മീനു ചെറുപ്പത്തിലേ നൃത്തം പഠിച്ചിരുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. കേരള ആരോഗ്യസർവകലാശാലയിൽ നിന്ന് സ്വർണ മെഡലോടെ ഡെന്റലിൽ പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കി. മക്കളുടെ സ്കൂളിലും ജനറൽ ആശുപത്രിയിൽ ഹോസ്പിറ്റൽ ഡേയിലും നൃത്തപരിപാടികളിലുമെല്ലാം സ്ഥിരം സാന്നിദ്ധ്യമാണ്. ചലച്ചിത്ര താരം സാധിക വേണുഗോപാൽ, ബംഗളുരുവിലെ പ്രശസ്‌ത മോഡൽ ആകാൻഷ, ബിഗ് ബോസ് താരവും മോഡലുമായ അഭിഷേക് എന്നിവരായിരുന്നു ഷോയിലെ വിധികർത്താക്കൾ.