'ഇനി വൈകിയാൽ വൻ പിഴ ചുമത്തും', സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി

Wednesday 10 December 2025 4:19 PM IST

ന്യൂഡൽഹി: ക്രിമിനൽ കേസിൽ സത്യവാങ്‌മൂലം ഫയൽ ചെയ്യാൻ വൈകിയതിൽ കേരളത്തിന് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. നിശ്ചിത സമയത്തിനുള്ളിൽ സത്യവാങ്‌മൂലം ഫയൽ ചെയ്തില്ലെങ്കിൽ ജനുവരി മുതൽ വൻ പിഴ ചുമത്തുമെന്നാണ് ജസ്റ്റിസ് സഞ്ജയ് കുമാർ അദ്ധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകിയത്. ഈ വർഷം ക്ഷമിക്കുമെന്നും കോടതി വ്യക്തമാക്കി. പാലാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ പ്രതിയായ ഹരിപ്രസാദ് വി നായർ നൽകിയ ജാമ്യഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

കേസിൽ സത്യവാങ്‌മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. കേരള ഹൗസിലെ നിയമ ഓഫീസർ ഒപ്പിട്ട സത്യവാങ്‌മൂലം കഴി‌ഞ്ഞദിവസം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരുന്നു. എന്നാൽ വൈകി ഫയൽ ചെയ്തതിനാൽ സത്യവാങ്‌മൂലം കോടതി രേഖകളിൽ പ്രതിഫലിച്ചില്ല.

ഇന്ന് ഹ‌ർജി പരിഗണിച്ചപ്പോൾ സത്യവാങ്‌മൂലം ഫയൽ ചെയ്ത കാര്യം സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിംഗ് കോൺസൽ ഹർഷദ് വി ഹമീദ് കോടതിയെ അറിയിച്ചുു. എന്നാൽ തങ്ങൾക്ക് ഇത് കിട്ടിയില്ലെന്നാണ് ജഡ്‌ജിമാർ വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് ജനുവരി മുതൽ സത്യവാങ്മൂലം വൈകിയാൽ വൻ പിഴ ചുമത്തുമെന്നാണ് കോടതി സർക്കാരിന് അന്ത്യശാസനം നൽകിയത്. വൈകി ഫയൽ ചെയ്യുമ്പോൾ പിഴ നൽകാൻ കൂടി സർക്കാരുകൾ തയ്യാറായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരനുവേണ്ടി അഭിഭാഷകനായ അബ്ദുള്ള നസീഹ് ആണ് ഹാജരായത്.