' ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാന്‍ ഒരു പൊതുദര്‍ശനം അത്യാവശ്യം' അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എസ് ഖോബ്രഗഡെ
തിരുവനന്തപുരം: ആയുഷിലൂടെ, പ്രത്യേകിച്ച് നാച്ചുറോപ്പതിയിലൂടെ ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാന്‍ പങ്കാളിത്തത്തോടെയുള്ള ഒരു പൊതുദര്‍ശനം അത്യാവശ്യമാണെന്ന് ആരോഗ്യ, ആയുഷ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എസ് ഖോബ്രഗഡെ ഐഎഎസ്.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ നടന്ന നാച്ചുറോപ്പതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിഗത ആരോഗ്യത്തില്‍ പെരുമാറ്റ വ്യതിയാനം (behavioural change) ഏറ്റവും നല്ല രീതിയില്‍ കൊണ്ടുവരാന്‍ നാച്ചുറോപ്പതിയിലൂടെ സാധിക്കും. എല്ലാവരുടേയും കൂട്ടായ ഉത്കര്‍ഷേച്ഛയുണ്ടെങ്കില്‍ നാച്ചുറോപ്പതി മേഖലയില്‍ കേരളത്തെ ലോകഭൂപടത്തില്‍ തന്നെ അടയാളപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ആയുഷ് ഐ ഇ സി മെറ്റീരിയലുകളുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ കേരള സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഐഎഎസ് അധ്യക്ഷത വഹിച്ചു. ’നാച്ചുറോപ്പതിക് ഇന്റര്‍വെന്‍ഷന്‍ ഇന്‍ ക്യാന്‍സര്‍ കെയര്‍: എ ന്യൂ ഡൈമെന്‍ഷന്‍ ഇന്‍ ഓങ്കോളജി ‘ എന്ന വിഷയത്തില്‍ പൊള്ളാച്ചി എംഐഎച്ച്സി മെഡിക്കല്‍ ഡയറക്ടറും ചീഫ് സയന്റിസ്റ്റുമായ ഡോ. പ്രദീപ് എം.കെ. നായര്‍ ശില്പശാല നയിച്ചു.
ചടങ്ങില്‍ ‘എക്സ്പാന്‍ഷന്‍ ഓഫ് നാച്ചുറോപ്പതി ഹെല്‍ത്ത് കെയര്‍ സര്‍വീസസ്’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച് നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി മുന്‍ ഡയറക്ടര്‍ ഡോ. ബാബു ജോസഫ്, ഭാരതീയ ചികിത്സാ വകുപ്പ് കേരള ജോയിന്റ് ഡയറക്ടര്‍ ഡോ. ഷീജ വി.പി, തിരുവനന്തപുരം ജില്ല ഭാരതീയ ചികിത്സാ വകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. മിനി. എസ്. പൈ, ഹോമിയോപ്പതി വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി സെബാസ്റ്റ്യൻ, നാഷണല്‍ ആയുഷ് മിഷന്‍ കേരള സ്‌റ്റേറ്റ് പോഗ്രാം മാനേജർ (ഭാരതീയ ചികിത്സാ വകുപ്പ്) ഡോ. സജി. പി. ആർ, ഇനിഗ്മ കേരള പ്രസിഡൻറ് ഡോ. നവീൻ വാസു, തിരുവനന്തപുരം ജില്ലാ പോഗ്രാം മാനേജർ ഡോ. ഗായത്രി. ആർ. എസ് എന്നിവരും പ്രസംഗിച്ചു.