'വോട്ടുകൊള്ള ആദ്യം നടത്തിയത് കോൺഗ്രസ്' ; ലോക്സഭയിൽ അമിത്ഷായും രാഹുൽ ഗാന്ധിയും തമ്മിൽ വാക്പോര്

Wednesday 10 December 2025 7:52 PM IST

ന്യൂഡൽഹി: ലോക്‌സഭയിൽ നടന്ന എസ്.ഐ.ആർ ചർച്ചയ്ക്കിടെ വാക്പോരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. വോട്ട് ചോരിയെക്കുറിച്ച് ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി അമിത് ഷായെ വെല്ലുവിളിച്ചു. എന്നാൽ എന്തു സംസാരിക്കണമെന്ന് താൻ തീരുമാനിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. വോട്ടുകൊള്ള ആദ്യം നടത്തിയത് കോൺഗ്രസാണെന്ന് അമിത് ഷാ തിരിച്ചടിച്ചു. ഭരണ പ്രതിപക്ഷ വാക്പോരിനൊടുവിൽ സഭയിൽ ബഹളമുണ്ടായി. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തിറങ്ങി. ഇതിന് ശേഷവും ഷാ മറുപടി പ്രസംഗം തുടർന്നു.

വോട്ടർപട്ടികയിൽ ​ യഥാർത്ഥ വോട്ടർമാർ മാത്രമേയുള്ളൂ എന്ന് ഉറപ്പാക്കാനാണ് പരിഷ്കരണ നടപടികളെന്ന് അമിത് ഷാ പറഞ്ഞു. നിങ്ങൾ ജയിക്കുമ്പോൾ ഇ.വി.എമ്മിൽ പ്രശ്നങ്ങളില്ല. പുതുവസ്ത്രം ധരിച്ച് നിങ്ങൾ സത്യപ്രതിജ്ഞ ചെയ്യും. ബിഹാറിലെ പോലെ നിങ്ങൾ പരാജയപ്പെട്ടാൽ വോട്ടർ പട്ടികയിൽ പ്രശ്നമുണ്ടെന്ന് പറയും. ഈ ഇരട്ട നിലപാട് വിലപ്പോകില്ലെന്നും അമിത് ഷാ പറഞ്ഞു.

വോട്ട് ചോരി ആദ്യം നടത്തിയത് കോൺഗ്രസാണെന്നും അമിത് ഷാ ആരോപിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി പട്ടേലിനെ പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചു. പട്ടേലിന് കൂടുതൽ വോട്ടുകിട്ടി. എന്നാൽ പ്രധാനമന്ത്രിയായത് നെഹ്റുവാണ്. ഇതാണ് ആദ്യത്തെ വോട്ട് ചോരിയെന്ന് അമിത് ഷാ വിമർശിച്ചു. റായ്ബറേലിയിൽ ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് രണ്ടാമത്തെ വോട്ട് ചോരി. പൗരത്വം കിട്ടുംമുൻപ് സോണിയ ഗാന്ധി ഇന്ത്യയിൽ വോട്ട് ചെയ്തു. ഇത് മൂന്നാമത്തെ വോട്ടുചോരിയെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ജനാധിപത്യത്തെ അട്ടിമറിച്ചത് കോൺഗ്രസാണെന്നും അമിത് ഷാ പറഞ്ഞു.