മൈക്രോസോഫ്‌റ്റിന്റെ നിക്ഷേപ വാഗ്ദാനം

Thursday 11 December 2025 2:38 AM IST

ദീർഘകാലത്തേക്കാണ് ബഹുരാഷ്ട്ര കമ്പനികൾ ഒരു രാജ്യത്ത് നിക്ഷേപം നടത്തുന്നത്. അതിനാൽ അവർ പ്രഥമ പരിഗണന നൽകുന്നത് ആ രാജ്യത്തിന്റെ ഭരണ സുസ്ഥിരതയ്ക്കാവും. കലാപവും ലഹളയും യുദ്ധവും അസ്ഥിര ഭരണകൂടങ്ങളും മറ്റുമുള്ള ഒരു രാജ്യത്തേക്കും പുതിയ വിദേശ നിക്ഷേപകർ പോകില്ല. ഏതൊരു രാജ്യത്തും വികസനവും പുരോഗതിയും ഉണ്ടാകണമെങ്കിൽ പ്രകൃതി വിഭവങ്ങൾ മാത്രം പോരാ, സുസ്ഥിരമായ ഭരണ സംവിധാനവും ആവശ്യമാണ്. മോദി സർക്കാരിന്റെ ഉറച്ച കേന്ദ്ര ഭരണം ഇന്ത്യയിൽ സൃഷ്ടിച്ചിരിക്കുന്നത് തികച്ചും നിക്ഷേപ സൗഹൃദമായ അന്തരീക്ഷമാണ്. അതോടൊപ്പം,​ ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യ‌ത്തിന് വിലക്കുകളില്ല. നീതിയുക്തമായ ജുഡിഷ്യറിയും നിലവിലുണ്ട്. ഇതിനൊക്കെ അപ്പുറം വിവിധ ഗവേഷണ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയ വിപുലമായ തൊഴിൽ സേനയും ഇന്ത്യയിൽ ലഭ്യമാണ്. പണം നിക്ഷേപിച്ചാൽ പതിന്മടങ്ങ് തിരിച്ചുപിടിക്കാനാവുമെന്ന വസ്തുത വിവിധ പ്രൊഫഷണൽ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പഠനങ്ങളിലൂടെ ബോദ്ധ്യപ്പെടാതെ ഒരു കുത്തക കമ്പനിയും എവിടെയും നിക്ഷേപം നടത്താറില്ല.

കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ എതിർചേരിയിൽ നിൽക്കുന്നവരാണ് ഇത്തരം കമ്പനികളുടെ ഉടമകളും നടത്തിപ്പുകാരും. പക്ഷേ ഇന്ന് ലോകത്ത് ബഹുരാഷ്ട്ര കുത്തക കമ്പനികൾ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിരിക്കുന്ന രാജ്യം കമ്മ്യൂണിസ്റ്റ് ചൈനയാണ്. ഭരണകൂടത്തിന്റെ സുസ്ഥിരതയും ബിസിനസിന്റെ സുഗമമായ നടത്തിപ്പിന് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രതിബന്ധമില്ലാതെ അവർ പ്രദാനം ചെയ്ത സൗകര്യങ്ങളും വാഗ്ദാനങ്ങളുമാണ് ഇത്തരം കമ്പനികളെ ചൈനയിലേക്ക് എൺപതുകൾ മുതൽ ആകർഷിക്കാൻ തുടങ്ങിയത്.

ചൈനയെ ഇന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളിലൊന്നായി മാറ്റിയത് സുസ്ഥിരയുള്ള ഭരണകൂടത്തിന്റെ ഉറച്ച തീരുമാനങ്ങളാണ്. ദശാബ്ദങ്ങൾ വൈകിയാണ് ഇന്ത്യ സോഷ്യലിസത്തിലുള്ള അന്ധവും അപ്രായോഗികവുമായ ഊന്നൽ ഉപേക്ഷിച്ച് സാമ്പത്തിക വികസനത്തിന്റെ മാർഗങ്ങൾ സ്വാഗതം ചെയ്യാൻ തുടങ്ങിയത്. അതിന്റെ സദ്‌ഫലങ്ങൾ ഇപ്പോൾ പ്രത്യക്ഷമായി കണ്ടുതുടങ്ങിയിരിക്കുന്നു.

ഇന്ത്യയിൽ എ.ഐ മേഖലയിൽ 1.58 ലക്ഷം കോടി (17.5 ബില്യൺ ഡോളർ) രൂപയുടെ നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്‌റ്റ് സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സത്യ നദെല്ലെ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സമൂഹ മാദ്ധ്യമത്തിലൂടെയാണ് നിക്ഷേപ വാഗ്ദാനം നടത്തിയത്. ഇന്ത്യയുടെ എ.ഐ ഭാവിക്കു വേണ്ടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ എ.ഐ ആവശ്യങ്ങൾക്കായി ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ, ക്ളൗഡ് കമ്പ്യൂട്ടിംഗ് പഠനം, നൈപുണ്യ വികസനം, എ.ഐ കേന്ദ്രീകൃത കഴിവുകൾ വികസിപ്പിക്കൽ എന്നിവയിലാവും മൈക്രോസോഫ്റ്റിന്റെ നിക്ഷേപം. ഏഷ്യയിൽ മൈക്രോസോഫ്‌റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കും ഇത്.

മൈക്രോസോഫ്‌റ്റിന്റെ എ.ഐ പ്രോജക്ട് വഴി പ്രതിവർഷം രാജ്യത്ത് രണ്ടുലക്ഷത്തോളം ബിരുദധാരികൾക്കാവും തൊഴിൽ ലഭിക്കുക. പ്രത്യേകിച്ച്,​ എച്ച് 1 ബി വിസ പ്രതിസന്ധിമൂലം ഇന്ത്യയിലെ യുവതീയുവാക്കൾക്ക് അമേരിക്കയിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ ഇത്തരം നിക്ഷേപങ്ങൾ വലിയ സാദ്ധ്യതകളാണ് തുറക്കുന്നത്. ഫേസ്‌ബുക്കും ഗൂഗിളും- എന്തിന്,​ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കമ്പനി പോലും ഇന്ത്യയിൽ നിക്ഷേപകരായി വരുന്നത് ലോകത്തെ മുൻനിര സാമ്പത്തിക രാജ്യങ്ങളിലൊന്നായി ഇന്ത്യയെ പരിണമിപ്പിക്കുന്ന കാലം അകലെയല്ലെന്ന് പ്രതീക്ഷിക്കാം. വളരെ നേരത്തേ യാത്ര ആരംഭിച്ച ചൈനയ്ക്ക് ഒപ്പമെത്താൻ വളരെ വൈകി യാത്ര തുടങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ ഇനിയും ഏറെ സമയം വേണ്ടിവന്നേക്കും.