എൽ.എസ്.ഡി സ്റ്റാമ്പ് കേസ്: പ്രതിക്ക് 10 വർഷം കഠിനതടവ്

Thursday 11 December 2025 1:42 AM IST

കൊച്ചി: എൽ.എസ്.ഡി സ്റ്റാമ്പുകളുമായി എക്‌സൈസ് പിടികൂടിയ കേസിലെ പ്രതിക്ക് എറണാകുളം ഏഴാം അഡീഷണൽ ജില്ല സെഷൻസ് ജഡ്ജ് വി.പി.എം. സുരേഷ് ബാബു 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ നൊച്ചിമ സ്വദേശി എട്ടാടൻ ഷാനവാസ് ( 35) ആണ് ശിക്ഷിക്കപ്പെട്ടത്. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധികശിക്ഷ അനുഭവിക്കണം. 2019 ഓഗസ്റ്റിൽ വരാപ്പുഴ എക്‌സൈസ് ഇൻസ്‌പെക്ടർ എം. മഹേഷ് കുമാറും സംഘവും എറണാകുളം നോർത്ത് പറവൂർ തത്തപ്പള്ളി ഭാഗത്ത് പട്രോളിംഗിനിടയിൽ പ്രതിയിൽ നിന്ന് 10 എൽ.എസ്.ഡി സ്റ്റാമ്പുകളും 10ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ. ശശിധരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജോളി ജോർജ് കാരക്കുന്നേൽ ഹാജരായി.