കാടിറങ്ങുന്ന വന്യജീവികളെ നിരീക്ഷിക്കാൻ റിയൽ ടൈം മോണിറ്ററിംഗ് സിസ്റ്റം
ലക്ഷ്യം പദ്ധതി വ്യാപിപ്പിക്കാൻ
തിരുവനന്തപുരം: പേപ്പാറ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ സ്ഥാപിച്ച റിയൽ ടൈം മോണിറ്ററിംഗ് സിസ്റ്റം വികസിപ്പിക്കുന്നു. കാടിറങ്ങുന്ന വന്യജീവികളെ നിരീക്ഷിക്കുന്നതിനും വനമേഖലയിൽ വാർത്താവിനിമയ നെറ്റ്‌വർക്ക് ശക്തമാക്കുന്നതിനും വേണ്ടിയാണ് പദ്ധതി. ആദ്യഘട്ടത്തിൽ നാച്ചിയാർ മട്ട,പാണ്ടിപ്പത്ത്,പേപ്പാറ എന്നിവിടങ്ങളിൽ ക്യാമറയും ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു. ഇനി കാണിത്തടം,ബോണക്കാട് പിക്കപ്പ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണ് പദ്ധതി.
തിരുവനന്തപുരം ജില്ലയിലെ വനമേഖലയിൽ കൂടുതൽ നിരീക്ഷണ ക്യാമറകളും ഉപകരണങ്ങളും സ്ഥാപിക്കാനാണ് നീക്കം. തേക്കടിയിലെ പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ പേപ്പാറയിലും സജ്ജമാക്കിയിരുന്നത്. ഈ പദ്ധതിയാണ് വികസിപ്പിക്കാൻ ഒരുങ്ങുന്നത്. വന്യജീവി നിരീക്ഷണം,കാട്ടുതീ നിയന്ത്രണം,വനസംരക്ഷണം എന്നിവയ്ക്ക് ഉപയുക്തമാക്കുന്നതിനായി അത്യാധുനിക ക്യാമറകളും വയർലെസ് നെറ്റ്‌വർക്കിംഗ് സംവിധാനങ്ങളുമാണ് സ്ഥാപിച്ചത്.
പദ്ധതി നടപ്പാക്കിയത്... പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ
ലക്ഷ്യം...... ജില്ലയിലെ വനമേഖലയിലെ നിരീക്ഷണം ശക്തമാകും
വനപാലകർക്ക് വാർത്താവിനിമയ സംവിധാനങ്ങൾ വേണ്ടവിധത്തിൽ ഉപയോഗിക്കാം
റേഡിയോ തരംഗ സാങ്കേതികവിദ്യ
മൊബൈൽ നെറ്റ്‌വർക്കോ വാർത്താവിനിമയത്തിനുള്ള സംവിധാനങ്ങളോ പ്രവർത്തിക്കാത്ത സ്ഥലങ്ങളിൽ പോലും പ്രവർത്തിക്കുന്ന സംവിധാനമാണിത്. റേഡിയോ തരംഗ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തനം. അഗസ്ത്യാർകൂടത്തിന് താഴെയുള്ള പാണ്ടിപ്പത്തിലും നാച്ചിയാർ മട്ടയിലും സ്ഥാപിച്ച പാൻ ടിൽക് ടു ക്യാമറകളിലൂടെ 360 ഡിഗ്രി റൊട്ടേഷനിലും 45 ഒപ്ടിക്കൽ സൂമിലും ദൃശ്യങ്ങൾ പകർത്തുകയും ഇത് കാണിത്തടം സെക്ഷൻ ഓഫീസ്,പേപ്പാറ റേഞ്ച് ആസ്ഥാനം എന്നിവിടങ്ങളിലുള്ള കൺട്രോൾ സംവിധാനത്തിലും തിരുവനന്തപുരത്തെ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലും ലഭ്യമാക്കുകയും ചെയ്യുന്നു.
എ.ഐ അലർട്ടുകളാക്കും
ആനയുടെയും മറ്റ് മൃഗങ്ങളുടെയും സഞ്ചാരപാത കണ്ടെത്തി വനാതിർത്തികളിൽ ഒരു കിലോമീറ്റർ പരിധിയിലാണ് നിലവിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ ക്യാമറകളിലൂടെയുള്ള നിരീക്ഷണമാണ് ആരംഭിച്ചിരിക്കുന്നതെങ്കിൽ രണ്ടാംഘട്ടത്തിൽ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ അനലൈസ് ചെയ്യുന്നത്. മൂന്നാംഘട്ടത്തിൽ ലോറാവാൻ നെറ്റ്‌വർക്ക് ഉപയോഗിച്ച് ഇത്തരം അലർട്ടുകൾ ഡിവിഷൻതല കൺട്രോൾ റൂമുകളിൽ എത്തിക്കാനും മുന്നറിയിപ്പുകൾ നൽകാനുമാണ് പദ്ധതി.