പുതിയതുറ സംഘർഷം: കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു

Thursday 11 December 2025 1:10 AM IST

പൂവാർ: കരുംകുളം പുതിയതുറയിൽ സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കും മർദ്ദനമേറ്റ സംഭവത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു.കോൺഗ്രസ് നേതാവ് പുഷ്പം സൈമൺ,പുഷ്പം വിൻസന്റ്,സച്ചിൻ സൈമൺ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

സി.പി.എം കോവളം ഏരിയാ സെക്രട്ടറി അഡ്വ.എസ്.അജിത്തിനെയാണ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇത് തടയുന്നതിനിടെ കവിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ വിനോദ് വൈശാഖി,മകൻ നിരഞ്ജൻ തുടങ്ങിയവർക്ക് മർദ്ദനമേറ്റു.തിരഞ്ഞെടുപ്പ് ദിനത്തിൽ രാവിലെ 11ഓടെയായിരുന്നു സംഭവം. കോൺവെന്റിലെ കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.പരിക്കേറ്റ വിനോദ് വൈശാഖി,മകൻ നിരഞ്ജൻ തുടങ്ങിയവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.