വിജയ സാദ്ധ്യതകളിൽ മുറുകെപ്പിടിച്ച് മുന്നണികൾ

Thursday 11 December 2025 1:12 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പാതി വഴി താണ്ടിയപ്പോൾ പതിവുപോലെ തിളക്കമാർന്ന വിജയമാണ് എല്ലാവരും അവകാശപ്പെടുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ മേഖലയിൽ കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചുമെല്ലാം നോക്കി , ഇന്നലെ ഉച്ചയോടെ വിജയപ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പ് ചുമതലക്കാർ പിരിഞ്ഞത്. മൂന്ന് കൂട്ടരും കിട്ടുമെന്ന് അവകാശപ്പെടുന്ന സീറ്റുകളുടെ എണ്ണം വച്ചു നോക്കുമ്പോൾ , കണക്കിൽ പൊരുത്തക്കേട് . പോളിംഗ് ശതമാനം കുറഞ്ഞാൽ അത് ഇടതിന് അനുകൂലം എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട്. പക്ഷെ യാഥാർത്ഥ്യമതല്ലെന്ന് തിരിച്ചറിയുന്ന നേതാക്കളുണ്ട്.

കാടടച്ചുള്ള പ്രചാരണത്തിന്റെ കൊഴുപ്പിൽ ആരും പിന്നിലായില്ല. പ്രവർത്തിക്കാനുള്ള സമയവും കിട്ടി. കാലാവസ്ഥ ചതിച്ചുമില്ല. എന്നിട്ടുമെന്തേ വോട്ടർമാർക്ക് മടുപ്പ് എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ സംശയം. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വോട്ടർമാർ കൂടുന്നുണ്ട്. പക്ഷേ, അർഹതയുള്ള വലിയൊരു ശതമാനം ഇക്കുറി വോട്ടർപട്ടികയിൽനിന്ന് പുറത്തായി. മുൻ കാലങ്ങളിൽ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വോട്ടർ പട്ടിക സംഘടിപ്പിച്ച് , പേര് ചേർക്കാതെ പോയവരെ ഉൾപ്പെടുത്താൻ രാഷ്ട്രീയ പാർട്ടികൾ ഉത്സാഹം കാട്ടിയിരുന്നു. ഇക്കുറി ഈ പ്രവർത്തനം വേണ്ടപോലെ നടന്നില്ല. വാർഡുകളുടെ പുനർ നിർണ്ണയം വന്നതോടെ ആരെല്ലാം ഏതെല്ലാം വാർഡുകളിൽ എന്ന് കണ്ടെത്തുന്നത് കുറച്ച് ശ്രമകരവുമായി. യുവ തലമുറ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളോട് മുഖം തിരിക്കുന്നുണ്ടോ എന്ന സംശയവും ബാക്കി.

വാദവും ന്യായവും

*വികസനവും ആനുകൂല്യ പ്രഖ്യാപനവും തുണച്ചിട്ടുണ്ടെന്ന് എൽ.ഡി.എഫ്.

*ശബരിമല സ്വർണ തട്ടിപ്പ് വിശ്വാസികളുടെ വോട്ട് തങ്ങളിലെത്തിച്ചെന്ന് യു.ഡി.എഫ്

*കേന്ദ്ര പദ്ധതികളോട് സർക്കാർ മുഖം തിരിക്കുന്നതിനാൽ പലതും നഷ്ടപ്പെടുന്നത് ജനം തിരിച്ചറിയുമെന്ന് എൻ.ഡി.എ