വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി
Thursday 11 December 2025 1:56 AM IST
മേപ്പാടി: മൂപ്പൈനാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷംസുദ്ദീനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി നാരായണ സ്വാമിയാണ് പരാതി നൽകിയത്. മുക്കിൽ പീടികയിലാണ് വോട്ടർമാർക്ക് പണം നൽകാൻ ശ്രമിച്ചത്. പണം നിരസിച്ച വോട്ടർ സ്ഥാനാർത്ഥിക്ക് മുന്നിൽ തന്നെ പ്രതിഷേധിച്ചു. തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ സ്ഥാനാർത്ഥിയെ തടഞ്ഞുവച്ചു. അതേസമയം യു.ഡി.എഫ് ആരോപണം അടിസ്ഥാനരഹിതമെന്ന് ആരോപണ വിധേയനായ ഷംസുദ്ദീൻ പറഞ്ഞു. പണം നൽകി വോട്ട് പിടിക്കേണ്ട ആവശ്യം തനിക്കില്ല. മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമാണ് തന്നെ തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് എൽ.ഡി.എഫ് മേപ്പാടി പൊലീസിൽ പരാതി നൽകി.