സമഗ്ര കുടിവെള്ള വിതരണ പദ്ധതിക്ക് അംഗീകാരം

Thursday 11 December 2025 2:58 AM IST
ടീം അംഗങ്ങൾക്കവേണ്ടി നടത്തിയ പരിശീലന പരിപാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജിനോജ് പാലത്തടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

കൽപ്പറ്റ: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, അസീം പ്രേംജി ഫൗണ്ടേഷൻ എന്നിവരുടെ സാമ്പത്തിക സഹായത്തോടെ തിരുനെല്ലി, നൂൽപ്പുഴ ഗ്രാമ പഞ്ചായത്തുകളിലെ കുടിവെള്ളമില്ലാത്ത ആദിവാസി ഭവനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. 03 വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയുടെ നാല് കോടി അറുപത് ലക്ഷം രൂപയാണ്. ഇതിൽ മൂന്ന് കോടി അമ്പതിനാല് ലക്ഷം രൂപ അസീം പ്രേംജി ഫൗണ്ടേഷനിൽ നിന്നും ഗ്രാന്റ് ആയി ലഭിക്കും. തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ കുനിക്കോട്, നാഗമന, ദംപട്ട, മധ്യപാടി, അഞ്ചുപൊതി, കുന്നിയൂർ, എടയൂർകുന്ന് എന്നീ ഉന്നതികളിലും, നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ മായിക്കര, മാടകുന്ന്, അബേദ്കർ മണലിമൂല, മാടപ്പുര, ഓടാൻകൊല്ലി, കോളൂർ എന്നീ ഉന്നതികളിലുമാണ് കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ പഞ്ചായത്ത് ഭരണസമിതികൾ നിലവിൽ വരുന്നതോടെ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്. ഇതിന്റെ ഭാഗമായി രണ്ട് ഗ്രാമപഞ്ചായത്തുകളിലും പദ്ധതി പ്രവർത്തനങ്ങൾക്കായി ഓഫീസ് ആരംഭിക്കുന്നതാണ്. പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ടീം ലീഡർ, സീനിയർ സിവിൽ എൻജിനീയർ, ജൂനിയർ സിവിൽ എൻജിനീയേർസ്, കമ്മ്യൂണിറ്റി ഡെവലൊപ്‌മെന്റ് സൂപ്പർവൈസർ, കമ്മ്യൂണിറ്റി ഫാസിലിറ്റേറ്റർസ് എന്നിവർ അടങ്ങുന്ന 11 അംഗ ടീമിനെ ഇതിനോടകം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നിയമിക്കുകയുണ്ടായി. ലോക ബാങ്ക് കൺസൾട്ടന്റും കേരളത്തിൽ ജലനിധി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയവരിൽ പ്രമുഖനുമായ പി.കെ കുര്യൻ ഈ പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിക്കും. ഈ പദ്ധതിയുടെ ഭാഗമായി ടീം അംഗങ്ങൾക്കവേണ്ടി 02 ദിവസത്തെ പങ്കാളിത്ത പദ്ധതി ആസൂത്രണം എന്ന വിഷയത്തിൽ 02 ദിവസത്തെ പരിശീലന പരിപാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ. ഫാ. ജിനോജ് പാലത്തടത്തിൽ ഉദ്ഘാടനം ചെയ്തു. കൺസൾട്ടന്റ് പി.കെ കുര്യൻ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, റിട്ടയർഡ് ട്രൈബൽ ഡെവലൊപ്‌മെന്റ് ഓഫീസർ ടി.ജി. ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു . ടീം ലീഡർ ദീപു ജോസഫ്, സീനിയർ സിവിൽ എൻജിനീയർ സെബാസ്റ്റ്യൻ മാത്യു, ജൂനിയർ സിവിൽ എൻജിനീയർ ബിജു നെന്മേനി എന്നിവർ നേതൃത്വം നൽകി.