ജപ്പാനിൽ 'മെഗാക്വേക്ക് " ഉണ്ടായാൽ 2 ലക്ഷം പേർ മരിക്കുമെന്ന് പ്രവചനം
ടോക്കിയോ: ജപ്പാനിലെ ഹൊക്കൈഡോയ്ക്ക് സമീപം കടലിൽ 'മെഗാക്വേക്ക് " ഉണ്ടായാൽ 2 ലക്ഷം പേർക്ക് ജീവൻ നഷ്ടമായേക്കാമെന്ന് വിലയിരുത്തൽ. 98 അടി ഉയരത്തിൽ സുനാമി ഉണ്ടാകാമെന്നും 2,20,000 കെട്ടിടങ്ങൾ തകരാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഏകദേശം 19800 കോടി ഡോളറിന്റെ നഷ്ടവുമുണ്ടാകാമെന്നുമാണ് പ്രവചനങ്ങൾ.
ചൊവ്വാഴ്ചയാണ് ജാപ്പനീസ് കാലാവസ്ഥാ ഏജൻസി ആദ്യമായി രാജ്യത്ത് മെഗാക്വേക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. റിക്ടർ സ്കെയിലിൽ 8.0 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയിലുണ്ടാകുന്ന ശക്തമായ ഭൂകമ്പങ്ങളാണ് മെഗാക്വേക്ക്. ഈ ആഴ്ച ഹൊക്കൈഡോയ്ക്ക് സമീപം കടലിൽ മെഗാക്വേക്കിന് സാദ്ധ്യതയുണ്ടെന്നും പസഫിക് തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ഏജൻസി പറയുന്നു.
എന്നാൽ വെറും ഒരു ശതമാനം മാത്രമാണ് സാദ്ധ്യതയെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഏജൻസി ആവർത്തിച്ചു. ഇതേ മേഖലയിൽ തിങ്കളാഴ്ച 7.5 റിക്ടർ സ്കെയിൽ തീവ്രതയിലുണ്ടായ ഭൂകമ്പം 70 സെന്റീമീറ്റർ വരെ ഉയരത്തിലെ സുനാമിത്തിരയ്ക്ക് ഇടയാക്കിയിരുന്നു.