തായ് - കംബോഡിയ സംഘർഷം: ഇടപെടുമെന്ന് ട്രംപ്
ബാങ്കോക്ക് : തായ്‌ലൻഡും കംബോഡിയയും അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ, പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒക്ടോബറിൽ ട്രംപിന്റെ മദ്ധ്യസ്ഥതയിൽ പ്രാബല്യത്തിൽ വന്ന സമാധാന കരാർ ലംഘിച്ച് തിങ്കളാഴ്ചയാണ് 817 കിലോമീറ്റർ നീളുന്ന അതിർത്തിയുടെ വിവിധ ഭാഗങ്ങളിൽ ഇരുരാജ്യങ്ങളും ഏറ്റുമുട്ടൽ തുടങ്ങിയത്.
തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുൽ, കംബോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റ് എന്നിവരുമായി ട്രംപ് ഫോണിൽ സംസാരിക്കും. ഇരുരാജ്യങ്ങളും ഏറ്റുമുട്ടൽ അടിയന്തരമായി നിറുത്തണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു.
അതേ സമയം, കംബോഡിയയുമായി ചർച്ചയ്ക്കില്ലെന്നാണ് തായ്‌ലൻഡിന്റെ പ്രതികരണം. അതിനിടെ, സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി (ഒമ്പത് കംബോഡിയൻ പൗരന്മാരും അഞ്ച് തായ് സൈനികരും). അഞ്ച് ലക്ഷത്തിലേറെ പേരെ ഇരുരാജ്യങ്ങളും അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ചു.