മറിയ‌യ്ക്ക് വേണ്ടി നോബൽ ഏറ്റുവാങ്ങി മകൾ

Thursday 11 December 2025 6:56 AM IST

ഓസ്‌ലോ : ഈ വർഷത്തെ നോബൽ സമ്മാനങ്ങൾ ഇന്നലെ വിതരണം ചെയ്തു. സമാധാന നോബൽ ജേതാവായ മറിയ കൊറീന മചാഡോയ്ക്ക് (58) വേണ്ടി മകൾ അന കൊറീന പുരസ്കാരം ഏറ്റുവാങ്ങി. വെനസ്വേലയിൽ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ജനാധിപത്യത്തിന്റെ ശബ്ദമായി മറിയ വ്യക്തിയാണ് മറിയ. പ്രതിപക്ഷ നേതാവും ദേശീയ അസംബ്ളി അംഗവുമായ മറിയ ഭരണകൂടത്തെ ഭയന്ന് വെനസ്വേലയ്ക്കുള്ളിൽ ഒളിവിൽ കഴിയുകയായിരുന്നു.

നോർവേയിലെ ഓസ്‌ലോയിൽ പുരസ്കാരദാനച്ചടങ്ങിൽ പങ്കെടുക്കാൻ ജീവൻ പണയപ്പെടുത്തി യാത്ര തുടങ്ങിയെങ്കിലും കൃത്യസമയത്ത് എത്തിച്ചേരാനാകില്ലെന്ന് മറിയ നോബൽ കമ്മിറ്റിയെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച ബോട്ട് മാർഗ്ഗം വെനസ്വേല വിട്ട മറിയ, കരീബിയൻ രാജ്യമായ ക്യൂറസൗവിൽ എത്തിയെന്ന് പറയപ്പെടുന്നു. വിമാനമാർഗ്ഗം നോർവേയിലേക്ക് തിരിച്ചെങ്കിലും എവിടെ നിന്നാണ് പുറപ്പെട്ടതെന്ന് വ്യക്തമല്ല.

മറിയയുടെ സന്ദേശം മകൾ പുരസ്കാര വേദിയിൽ വായിച്ചു. ജനാധിപത്യ രാജ്യങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാൻ തയ്യാറായിരിക്കണമെന്ന് മറിയ സന്ദേശത്തിൽ പറയുന്നു. നോബൽ പുരസ്കാരം തന്റെ രാജ്യത്തിന് മാത്രമല്ല, ലോകത്തിനൊട്ടാകെ പ്രധാനപ്പെട്ടതാണെന്നും മറിയ കൂട്ടിച്ചേർത്തു. നോബൽ നേടുന്ന രണ്ടാമത്തെ വെനസ്വേല സ്വദേശിയാണ് മറിയ. 11 മില്യൺ സ്വീഡിഷ് ക്രോണറും (10,38,50,000 രൂപ) മെഡലുമാണ് സമ്മാനമായി നൽകുന്നത്.

ഒക്ടോബർ ആദ്യവാരമാണ് നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചത്. സമാധാന നോബൽ വിതരണം ഓസ്‌ലോ സിറ്റി ഹാളിൽ നടന്നപ്പോൾ മറ്റുള്ളവയുടെ വിതരണം സ്വീഡനിലെ സ്റ്റോക്‌ഹോം കൺസേർട്ട് ഹാളിൽ നടന്നു.