"ഞാൻ ഈ സമയത്ത് ലാലേട്ടനെ ആണ് ഓർക്കുന്നത്, പാവം ലാലേട്ടനായിരുന്നെങ്കിൽ എല്ലാവരും കൂടി വീർപ്പുമുട്ടിച്ചേനെ"
നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ച് അമ്മ സംഘടനയിലെ നേതൃത്വം പ്രതികരിക്കാൻ ബാധ്യസ്ഥരാണെന്ന് നടൻ ബാബുരാജ്. പുതിയ സിനിമയായ 'പൊങ്കാല'പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബാബുരാജ്.
'ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ഓരോ സംഘടനയുടെ തലപ്പത്തിരിക്കുന്നവർ തീരുമാനിക്കേണ്ടതാണ്. ഞാനോ നിങ്ങളോ അല്ല തീരുമാനിക്കേണ്ടത്. പുറത്താക്കാൻ കാണിച്ച വ്യഗ്രതയുണ്ടല്ലോ. അതുപോലെ തന്നെയായിരിക്കും തിരിച്ചെടുക്കുന്നത്. അതൊക്കെ തലപ്പത്തിരിക്കുന്നവരുടെ തീരുമാനമല്ലേ. അതിൽ നമ്മൾ മറുപടി പറയേണ്ടതില്ല.
ഞാൻ അമ്മയിൽ അംഗം മാത്രമാണ്. ഇപ്പോൾ ഭരണസമിതിയിലുള്ളവരല്ലേ ദിലീപിനെ തിരിച്ചെടുക്കുന്നതിനെക്കുറിച്ചൊക്കെ തീരുമാനിക്കേണ്ടത്. പുതിയ ഭരണസമിതി കാര്യങ്ങൾ നന്നായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. സ്ത്രീകളാണ്. അവർക്കറിയാം എങ്ങനെ കൊണ്ടുപോകണമെന്ന്. അവർ അത് നന്നായി കൈകാര്യം ചെയ്യും. ഇപ്പോൾ ഇവരായതുകൊണ്ട്, അതിൽ നിന്നങ്ങ് എസ്‌കേപ്പ് ചെയ്യാൻപറ്റും. ഞാൻ ഈ സമയത്ത് ലാലേട്ടനെ ആണ് ഓർക്കുന്നത്. പാവം. ലാലേട്ടനായിരുന്നെങ്കിൽ എന്തോരം കഷ്ടപ്പെടേണ്ടിവന്നേനെ. ലാലേട്ടനാണ് ഇതിന്റെ തലപ്പത്തെങ്കിൽ അദ്ദേഹത്തെ നിങ്ങൾ എല്ലാവരും കൂടി വീർപ്പുമുട്ടിച്ചേനെ. ലാലേട്ടൻ അതിൽ നിന്ന് മാറിയത് നന്നായെന്നാണ് ഇപ്പോൾ തോന്നുന്നത്. പിന്നെ ഈയൊരവസരത്തിൽ ഇതിനെപ്പറ്റി പറഞ്ഞ് വിവാദമാക്കേണ്ട കാര്യമില്ല.
ഇന്ത്യയിലെ നിയമവ്യവസ്ഥയെ മാനിക്കുകയെന്നതാണ്. പിന്നെ ആ കുട്ടിയോടുള്ള അനുകമ്പയ്ക്കും സ്‌നേഹത്തിനും ഒരു മാറ്റവും ഇല്ല. പക്ഷേ കോടതി വിധിയെ ബഹുമാനിക്കുന്നു, ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്ന് പറയുന്നതുപോലെ. ഏത് വശമാണ് സത്യമെന്നാണ് നമുക്കറിയേണ്ടത്.