ഗോവയിലെ നിശാക്ലബ്ബിലെ തീപിടിത്തം; ഉടമകളായ സഹോദരങ്ങൾ തായ്‌ലൻഡിൽ പിടിയിൽ, ഉടൻ ഇന്ത്യയിലെത്തിക്കും

Thursday 11 December 2025 10:54 AM IST

പനജി: ഗോവയിലെ അർപോറയിൽ നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ ഇരുപത്തിയഞ്ചുപേർ മരിച്ച സംഭവത്തിൽ ഉടമകളായ ലുത്ര സഹോദരന്മാരെ കസ്റ്റഡിയിലെടുത്തു. തായ്‌ലൻഡിൽ നിന്നാണ് സൗരഭ് ലുത്രയേയും ഗൗരവ് ലുത്രയേയും കസ്റ്റഡിയിലെടുത്തതെന്നും ഉടൻ തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഏഴാം തീയതി പുലർച്ചെ 12.04 ഓടെ ബേർച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബ്ബിലാണ് അപകടമുണ്ടായത്. നൃത്തവും മറ്റും നടക്കുന്ന ക്ലബ്ബിന്റെ ഒന്നാം നിലയിലായിരുന്നു തീപിടിത്തമുണ്ടായത്. നിർമ്മാണത്തിനും അലങ്കാരത്തിനും ഉപയോഗിച്ച പനയോല, മുള, തടി തുടങ്ങിയ വേഗത്തിൽ തീപിടിക്കുന്ന വസ്തുക്കളുടെ സാന്നിദ്ധ്യവും തീരെ ഇടുങ്ങിയ വാതിലുകളും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. നാല് വിദേശികളുൾപ്പെടെ 25 പേർ മരിച്ചു. മരിച്ചവരിൽ 14 പേരും ക്ലബ്ബ് ജീവനക്കാരായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു.

സുരക്ഷാ മുൻകരുതലുകളില്ലാതെ ഇലക്‌ട്രോണിക് ഫയർക്രാക്കറുകൾ പ്രയോഗിച്ചതാണ് അപകടത്തിൽ കലാശിച്ചതെന്നാണ് നിഗമനം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.

അപകടത്തിൽ ഗോവ മജിസ്ട്രേറ്റ്തല അന്വേഷണം ആരംഭിച്ചിരുന്നു. ക്ലബ്ബിന്റെ ജനറൽ മാനേജർ അടക്കം നാല് പേർ അറസ്റ്റിലായി. ഇതിനുപിന്നാലെ ഗൗരവ് ലുത്രയും സൗരഭ് ലുത്രയും തായ്‌ലൻഡിലേക്ക് കടക്കുകയായിരുന്നു.

തുടർന്ന്‌ സൗരഭിന്റെയും ഗൗരവിന്റെയും പാസ്‌പോർട്ടുകൾ സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇന്ത്യൻ ഏജൻസികൾ നേരത്തെ തന്നെ തായ്‌ലൻഡുമായി ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിരുന്നു. ഇന്ന് പുലർച്ചെ ലോക്കൽ പൊലീസുമായി സഹകരിച്ച് സംശയിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ഇമിഗ്രേഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഇന്ന് വൈകന്നേരമോ നാളെയോ ഇരുവരെയും ഇന്ത്യയിലേക്ക് എത്തിക്കും.