മാസങ്ങളായി വനിതാ ആരോഗ്യപ്രവർത്തകർക്കുനേരെ നഗ്നതാ പ്രദർശനം; ഇന്ത്യൻ പൗരൻ കാനഡയിൽ അറസ്റ്റിൽ

Thursday 11 December 2025 11:06 AM IST

ഒട്ടാവ: ഡോക്‌ടർമാർ ഉൾപ്പെടെയുള്ള വനിതാ ആരോഗ്യപ്രവർത്തകർക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ ഇന്ത്യൻ പൗരനായ 25കാരൻ കാനഡയിൽ അറസ്റ്റിൽ. വൈഭവ് എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. മിസിസ്വാഗയിലെ വിവിധ ആശുപത്രികളിൽ ഇയാൾ നഗ്നതാ പ്രദ‌ർശനം നടത്തിയതായി കാനഡയിലെ പീൽ റീജിയണൽ പൊലീസ് വ്യക്തമാക്കി.

ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ആശുപത്രികളിലെത്തുന്ന വൈഭവ് മോശമായ രീതിയിൽ വനിതാ ആരോഗ്യപ്രവർത്തകരോട് പെരുമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇക്കൊല്ലം തന്നെ പല മാസങ്ങളിലായി ഒന്നിലേറെ ആശുപത്രികളിൽ കുറ്റകൃത്യം നടന്നതായും പൊലീസ് ചൂണ്ടിക്കാട്ടി. മോശമായ പ്രവർത്തനങ്ങളുടെ പേരിൽ കാനഡയിലെ ബ്രാംപ്റ്റൺ നിവാസിയായ വൈഭവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോ അറസ്റ്റ് ചെയ്തതായാണ് പൊലീസ് പ്രസ്‌താവനയിൽ വ്യക്തമാക്കുന്നത്.

ഡോക്‌ടർമാരോട് വ്യാജ വ്യക്തിഗത വിവരങ്ങളാണ് ഇയാൾ നൽകിയതെന്നും പൊലീസ് പറഞ്ഞു. ആകാശ്‌ദീപ് സിംഗ് എന്ന വ്യാജ പേരിലാണ് ഇയാൾ ചില ദിവസങ്ങളിൽ ആശുപത്രികളിൽ എത്തുന്നത്. തുടർന്ന് ആരോഗ്യപ്രശ്‌‌നങ്ങൾ ചൂണ്ടിക്കാട്ടി വനിതാ ആരോഗ്യപ്രവർത്തകരെകൊണ്ട് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിപ്പിക്കാറുണ്ടെന്നും പൊലീസിന്റെ പ്രസ്‌താവനയിൽ പറയുന്നു. ഡിസംബർ നാലിന് അറസ്റ്റിലായ വൈഭവ് ജാമ്യം കാത്ത് പൊലീസ് കസ്റ്റഡിയിൽ കഴിയുകയാണ്. വൈഭവ് ഇരകളാക്കിയവർ ഇനിയുമുണ്ടാകുമെന്നും ഇവർ മുന്നോട്ട് വരണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.