പൈനാപ്പിൾ കഴിക്കുമ്പോൾ ഇക്കാര്യം ചെയ്‌താൽ നാവിൽ ചൊറിച്ചിലുണ്ടാവുകയില്ല
എല്ലാ സീസണുകളിലും ആളുകൾ ഇഷ്ടപ്പെടുന്ന പഴവർഗമാണ് പൈനാപ്പിൾ. വെള്ളത്തിന്റെ അംശം കൂടുതലുള്ളതിനാലും മധുരം കുറവായതിനാലും ഡയറ്റ് ചെയ്യുന്നവർക്കും പൈനാപ്പിൾ പ്രിയപ്പെട്ടതാണ്. എന്നാൽ പൈനാപ്പിൾ കഴിക്കുമ്പോൾ നാവിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നത് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇതിന് മികച്ച ഒരു പരിഹാരമുണ്ട്.
പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള ബ്രോമേലൈൻ എന്ന എൻസൈം ആണ് ചൊറിച്ചിലിന് കാരണമാകുന്നത്. പ്രോട്ടീനിനെ ദഹിപ്പിക്കുന്ന ഒരുതരം എൻസൈം ആണിത്. ദോഷകരമല്ലാത്ത ഈ എൻസൈം നാവിലെയും വായ്‌ക്കുള്ളിലെയും കോശങ്ങളെ പ്രകോപിപ്പിക്കുന്നതാണ് ചൊറിച്ചിലിന് കാരണമാകുന്നത്. പൈനാപ്പിൾ കഴിക്കുന്നതിന് മുൻപ് കുറച്ച് സമയം ഉപ്പുവെള്ളത്തിൽ മുക്കി വയ്ക്കുന്നത് ചൊറിച്ചിൽ ഒഴിവാക്കാൻ സഹായിക്കും. മാത്രമല്ല, നല്ല പഴുത്ത പൈനാപ്പിൾ കഴിക്കുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടാനുള്ള സാദ്ധ്യത കുറവാണ്.
പാകമാകാത്ത, രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പൈനാപ്പിളാണ് ഇപ്പോൾ കൂടുതലും വിപണികളിൽ എത്തുന്നത്. പൈനാപ്പിൾ വാങ്ങുമ്പോൾ ഇനിമുതൽ ഇക്കാര്യങ്ങളും ശ്രദ്ധിക്കാം:
- പൈനാപ്പിൾ പഴുത്തതാണോയെന്ന് അറിയാനുള്ള ഏറ്റവും എളുപ്പമാർഗം അതിന്റെ നിറമാണ്. അധികം പച്ചനിറമില്ലാത്ത സ്വർണ നിറത്തിലെ പൈനാപ്പിൾ കണ്ടാൽ അവ പഴുത്തതാണെന്ന് ഉറപ്പിക്കാം.
- പൈനാപ്പിളിന്റെ പുറംതോടിൽ അമർത്തി നോക്കുക. പഴുത്തതാണെങ്കിൽ പുറംതോട് മൃദുലമായിരിക്കും. പഴുക്കാത്തവയുടെ പുറംതോടിന് നല്ല കട്ടിയുണ്ടായിരിക്കും.
- പഴുത്ത പൈനാപ്പിളിന്റെ അടിവശത്ത് നല്ല മണമുണ്ടായിരിക്കും.
- ഭാരക്കൂടുതലുള്ള പൈനാപ്പിൾ പഴുത്തതായിരിക്കും.
- പൈനാപ്പിളിന്റെ മുകളിലത്തെ ഇല എളുപ്പത്തിൽ പറിച്ചെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ അവ പഴുത്തതായിരിക്കും.