'അമേരിക്കൻ ഷോയിൽവച്ച് ദിലീപേട്ടൻ എന്റെയടുത്ത് വന്ന് നിറകണ്ണുകളോടെ പറഞ്ഞൊരു കാര്യമുണ്ട്'

Thursday 11 December 2025 2:43 PM IST

നടിയെ ആക്രമിച്ച കേസിൽ ഈ മാസം എട്ടാം തീയതിയാണ് വിധി വന്നത്. എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനുപിന്നാലെ നിരവധി പേർ ദിലീപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ടതിന് ശേഷം അമേരിക്കയിൽ ദിലീപിനൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ സംഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ ഹരിശ്രീ യൂസഫ്. അമേരിക്കയിൽവച്ച് നിറകണ്ണുകളോടെ ദിലീപ് തന്നോട് പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടന്റെ തുറന്നുപറച്ചിൽ.

'അമേരിക്കൻ ഷോയിൽവച്ച് ദിലീപേട്ടൻ എന്റെയടുത്ത് വന്ന് നിറകണ്ണുകളോടെ പറഞ്ഞൊരു കാര്യമുണ്ട്. യൂസഫേ, ഞാനങ്ങനെ ചെയ്യുമോടാ, എനിക്കുമൊരു മോളുള്ളതല്ലേയെന്ന്. അൽപം നനഞ്ഞ കണ്ണോടെ എന്നോട് പറഞ്ഞതിന് ശേഷം ഞാൻ അദ്ദേഹത്തെ അവിശ്വസിച്ചിട്ടില്ല. എന്റെ മനസിൽ എപ്പോഴും അദ്ദേഹത്തിന്റെ വാക്കുകളാണ്, ഞാൻ അങ്ങനെ ചെയ്യോടാ, എനിക്കും ഒരു മോളുള്ളതല്ലേയെന്ന വാക്ക്. ഇപ്പോഴും അത് എന്റെ മനസിലുണ്ട്.

എനിക്ക് പറയാനുള്ളതെന്താണെന്നുവച്ചാൽ, കോടതി വിധി വന്നു. ദിലീപേട്ടൻ നിരപരാധിയാണെന്ന് കോടതി വിധിച്ചു. ആ കോടതി വിധിയെ നമ്മൾ മാനിക്കണം. മേൽക്കോടതിയിൽ പോയ ശേഷം അദ്ദേഹത്തിന് ശിക്ഷ കിട്ടുന്നെങ്കിൽ കിട്ടിക്കോട്ടെ. ഈ കോടതി അദ്ദേഹത്തെ നിരപരാധിയായിട്ട് പറഞ്ഞ സ്ഥിതിക്ക്, ഇപ്പോൾ അദ്ദേഹം നിരപരാധിയാണ്. നമ്മളായിട്ട് അദ്ദേഹത്തെ ശിക്ഷിക്കാതിരിക്കുക.'- യൂസഫ് പറഞ്ഞു.