ഹൃദയം തുറന്ന് പ്രാർത്ഥിച്ചു, പല ക്ഷേത്രങ്ങളിലും വഴിപാടുകൾ നേർന്നിട്ടുണ്ട്; ദിലീപിനെക്കുറിച്ച് ദേവൻ

Thursday 11 December 2025 3:46 PM IST

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിടാൻ വേണ്ടി പ്രാർത്ഥിച്ചെന്നും വഴിപാടുകൾ നേർന്നിട്ടുണ്ടെന്നും നടൻ ദേവൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സത്യം ജയിച്ചു, നീതി ജയിച്ചു, ന്യായം ജയിച്ചു എന്നല്ലാതെ വേറൊന്നുമില്ല. കുറച്ച് താമസിച്ചെങ്കിലും സത്യം ജയിക്കുമെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം. ഞാൻ വാസ്തവത്തിൽ പ്രാർത്ഥിച്ചിരുന്നു. കഴിഞ്ഞ രണ്ടുമൂന്നുദിവസമായി ഹൃദയം തുറന്ന് ഈശ്വരനോട് പ്രാർത്ഥിച്ചു. ദിലീപിന് അനുകൂലമായിട്ടുള്ള വിധി വരണേ ദൈവമേയെന്ന് ഞാൻ പ്രാർത്ഥിച്ചു. പല ക്ഷേത്രങ്ങളിലും വഴിപാടുകൾ നേർന്നിട്ടുണ്ട്. അത് എന്റെ പൂർണമായ വിശ്വാസമാണ്. കാരണം, ദിലീപെന്ന വ്യക്തിയുടെ നന്മകൾ മറക്കാൻ പാടില്ല.

ദിലീപ് ഇങ്ങനെയൊക്കെ ചെയ്‌തെന്ന് തൊണ്ണൂറ് ശതമാനം ആളുകളും വിശ്വസിക്കുന്നില്ല. പക്ഷേ വളരെ ചുരുക്കം പേർ, പ്രത്യേകിച്ച് മീഡിയ ദിലീപിനെതിരെയാണ്. അതിജീവിതയുടെ കൂടെ നിൽക്കണമെന്ന് പറയുന്നത് ഇപ്പോഴൊരു ഫാഷനാണ്. ആരാണ് ഈ അതിജീവിത എന്നുപറഞ്ഞയാൾ? അതിജീവിതയ്ക്ക് എന്താണൊരു നിർവചനം? ഇപ്പോൾ പുരുഷനെ സംബന്ധിച്ച് വളരെ ഭയപ്പെടേണ്ട കാലഘട്ടമാണിത്. ഒരു പെണ്ണ് വിചാരിച്ചാൽ നിങ്ങളുടെ പേരിൽ ഒരു കേസ് കൊടുത്താൽ മതിയല്ലോ, കഴിഞ്ഞല്ലോ. അപ്പോൾ മീഡിയ മുഴുവൻ നിങ്ങൾക്ക് എതിരായിരിക്കും. ടിവിയിലൊക്കെ വന്നിരുന്ന് കാച്ചുന്നത് കേൾക്കാറുണ്ട്. നീതി കിട്ടിയില്ലല്ലോയെന്ന്. ഇവിടെയൊരു നീതിന്യായവ്യവസ്ഥയുണ്ട്. കേസ് ഇത്രയും നീണ്ടുപോകാൻ കാരണമെന്താണ്? ഒമ്പത് വർഷമായില്ലേ. കോടതി വളരെ ശ്രദ്ധാപൂർവം, എന്തെങ്കിലും തെളിവുണ്ടോയെന്ന് കണ്ടെത്താൻ വെയ്റ്റ് ചെയ്തു. ഈ കോടതിയിൽ വിശ്വാസമില്ലെന്നാണ് പ്രോസിക്യൂഷൻ പറഞ്ഞത്. എന്ത് വിഡ്ഡിത്തമാണത്. വാദിക്കും പ്രതിക്കും ആവശ്യമുള്ള രീതിയിൽ കോടതിയെ മാറ്റാൻ പറ്റുമോ. സുപ്രീം കോടതിയിൽ പോയപ്പോൾ വലിച്ച് മുഖത്തേക്ക് എറിഞ്ഞില്ലേ. ഒൻപത് വർഷമായി ആ ജഡ്ജ് ഇതിനുവേണ്ടി കാത്തിരുന്നു. അവർ മാക്സിമം പ്രോസിക്യൂഷനും പൊലീസിനും സമയം കൊടുത്തു. എത്രപ്രാവശ്യമാണ് നീട്ടിയത്. തെളിവില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് എട്ടാം തീയതി വിധി പ്രഖ്യാപിച്ചത്. '- ദേവൻ പറഞ്ഞു.