ഇന്ത്യ - ചൈന അതിർത്തിയിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 17പേർ മരിച്ചു; അപകടം പുറംലോകമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം

Thursday 11 December 2025 4:01 PM IST

ഇറ്റാനഗർ: തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം. അരുണാചൽ പ്രദേശിലെ ഇന്ത്യ - ചൈന അതിർത്തിയിലുള്ള ഹയുലിയാംഗ് - ചഗ്ലഗാം റോഡിലാണ് അപകടമുണ്ടായത്. 21 തൊഴിലാളികളാണ് ട്രക്കിനുള്ളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ 17പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

10,000 അടിയിലധികം താഴ്‌ചയിലേക്കാണ് ട്രക്ക് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാൾ റോഡിലെത്തി അപകടത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് മറ്റുള്ളവർ വിവരമറിഞ്ഞത്. തലയ്‌ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇയാളുടെ എല്ലിനും ഒടിവുകൾ സംഭവിച്ചിരുന്നു. പരിക്കേറ്റയാളെ അസമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രക്കിലുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി ദിബ്രുഗഡിൽ നിന്നുള്ള എൻഡിആർഎഫ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.