“സത്യം അറിയുന്ന ഞങ്ങൾ മനസിനെ സമാധാനത്തിലാക്കി, ചിരി മങ്ങാതെ അതെല്ലാം കടന്ന് പോയി“
നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് യമുനാ റാണി. രണ്ട് മക്കളാണ് യമുനയ്ക്കുള്ളത്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് നടിയുടെ ഭർത്താവ്. യമുനയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.
വീണ്ടും വിവാഹിതയായതിന് നിരവധി പേർ വിമർശനവുമായെത്തിയിരുന്നു. ഈ ബന്ധം അധികകാലം പോകില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് യമുന.
കൊലൂരിലെ മൂകാംബിക ക്ഷേത്രത്തിൽ 2020 ഡിസംബർ ഏഴിനായിരുന്നു നടിയുടെ വിവാഹം. തങ്ങൾ പിരിഞ്ഞെന്ന രീതിയിൽ പലപ്പോഴും വാർത്തകൾ വന്നിരുന്നെന്നും സത്യം അറിയുന്ന തങ്ങൾ മനസിനെ സമാധാനത്തിലാക്കിയെന്നും ചിരി മങ്ങാതെ അതെല്ലാം കടന്ന് പോയെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം
2020 ഡിസംബർ 7-ന് കൊലൂരിലെ മൂകാംബിക ക്ഷേത്രത്തിൽ ഞങ്ങളുടെ വിവാഹം നടന്നു. “ഇവരുടെ ബന്ധം നീളില്ല” എന്ന് പലരും പറഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. പക്ഷേ നമ്മൾ കൈ വിട്ടില്ല… ഹൃദയം പിടിച്ച് ഒരുമിച്ച് മുന്നോട്ട് നടന്നു. ഇന്ന് അതിന്റെ തെളിവായി ഞങ്ങൾ അഞ്ചു വർഷം പിന്നിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഞങ്ങളെക്കുറിച്ച് പല തെറ്റായ വാർത്തകളും പരന്നു — പിരിഞ്ഞുവെന്ന വാർത്തകളും ഉണ്ടായിരുന്നു. പക്ഷേ സത്യം അറിയുന്ന ഞങ്ങൾ, മനസിനെ സമാധാനത്തിലാക്കി , ചിരി മങ്ങാതെ അതെല്ലാം കടന്ന് പോയി.
ഞങ്ങളുടെ കുടുംബം — ഞങ്ങൾ രണ്ടുപേരും, മൂന്ന് പെൺമക്കളുമാണ്. അവരാണ് ഞങ്ങളുടെ ശക്തിയും ധൈര്യവും.പരസ്പരം ബഹുമാനിക്കുകയും, ഇടം കൊടുക്കുകയും, മനസ്സിലാക്കുകയും ചെയ്തതുകൊണ്ടാണ് ഞങ്ങളുടെ ബന്ധം ഇങ്ങനെ ഉറച്ചതായത്. ഇന്ന് ഞങ്ങളുടെ 5-ാം വിവാഹ വാർഷികം. ജീവിതം നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ബ്രഹ്മാണ്ഡത്തോട് ഹൃദയം നിറഞ്ഞ നന്ദിയും കൃതജ്ഞതയും.