ഗർഭപാത്രം പുറത്തെടുത്തു, ഇടുപ്പെല്ലുകൾ ഒടിച്ചു; സൗന്ദര്യ മത്സരത്തിലെ ഫൈനലിസ്റ്റിനെ കൊന്നത് അതിക്രൂരമായി
ബേൺ: മിസ് സ്വിറ്റ്‌സർലൻഡ് സൗന്ദര്യമത്സരത്തിൽ മുൻ ഫൈനലിസ്റ്റായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ക്രിസ്റ്റീന ജോക്‌സിമോവിച്ച് (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് തോമസ് (43) ആണ് അറസ്റ്റിലായത്. ക്രിസ്റ്റീനയുടെ അവയവങ്ങൾ മുറിച്ചുമാറ്റി അവശിഷ്ടങ്ങൾ സംസ്‌കരിക്കാൻ ശ്രമിച്ചുവെന്നും പൊലീസ് കണ്ടെത്തി.
2024 ഫെബ്രുവരിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കത്തിയും മൂർച്ഛയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു തോമസ് ഭാര്യയുടെ അവയവങ്ങൾ മുറിച്ചുമാറ്റിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അവയവങ്ങൾ മുറിച്ചുമാറ്റുന്നതിന് മുൻപായി ഗർഭപാത്രം പുറത്തെടുത്തു. ചില ശരീരാവശിഷ്ടങ്ങൾ ശുദ്ധീകരിച്ച് രാസലായനിയിൽ ലയിപ്പിച്ചതായും പൊലീസ് പറയുന്നു. ഇടുപ്പെല്ലുകൾ ഒടിച്ചു. തല ശരീരത്തിൽ നിന്ന് മുറിച്ചുമാറ്റി. യുട്യൂബ് വീഡിയോകൾ കണ്ടുകൊണ്ടായിരുന്നു ക്രൂരകൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, ക്രിസ്റ്റീന കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചുവെന്നും സ്വയം പ്രതിരോധിക്കുന്നതിനിടെയാണ് കൊല നടന്നതെന്നുമാണ് തോമസ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇതുസംബന്ധിച്ച തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല.
2007ലാണ് ക്രിസ്റ്റീന മിസ് സ്വിറ്റ്‌സർലൻഡ് സൗന്ദര്യമത്സരത്തിൽ ഫൈനലിസ്റ്റായത്. പിന്നീട് ക്യാറ്റ്‌വാക് പരിശീലകയായി. സൗന്ദര്യമത്സരങ്ങളിലെ മെന്റർ ആയും പ്രവർത്തിച്ചുവരികയായിരുന്നു. ദമ്പതികൾക്ക് രണ്ട് പെൺമക്കളാണുള്ളത്.