ഡ്രൈവറില്ലാതെ ഓടിയ കാറിൽ യുവതി പ്രസവിച്ചു; അടിയന്തര സാഹചര്യത്തെ നേരിടാൻ റോബോ ടാക്‌സി ചെയ്‌തത്
സാൻഫ്രാൻസിസ്‌കോ: ഡ്രൈവറില്ലാത്ത ആട്ടോമേറ്റഡ് വാഹനങ്ങളെക്കുറിച്ച് നമ്മൾ ഒരുപാട് വാർത്തകൾ കേട്ടിട്ടുണ്ടെങ്കിലും അവ നൽകുന്ന സുരക്ഷയെക്കുറിച്ച് ആശങ്കകളേറെയാണ്. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ എന്തു ചെയ്യുമെന്ന് കരുതാത്തവർ ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ ഡ്രൈവറില്ലാത്ത കാറിൽ ഒരു യുവതി പ്രസവിച്ചെന്ന വാർത്ത കൂടുതൽ കൗതുകമാവുകയാണ്. സാൻഫ്രാൻസിസ്‌കോയിലാണ് സംഭവം.
പൊതുജനങ്ങൾക്ക് ഡ്രൈവറില്ലാത്ത ടാക്‌സി സേവനം നൽകുന്ന വെയ്‌മോ കമ്പനിയുടെ വാഹനത്തിലാണ് യുവതി പ്രസവിച്ചത്. ഇക്കാര്യം സ്ഥിരീകരീകരിച്ച് കമ്പനി പ്രസ്താവനയിറക്കി. യുസിഎസ്എഫ് മെഡിക്കൽ സെന്ററിലേക്ക് പോകുന്ന വഴിക്കാണ് യുവതി പ്രസവിച്ചതെന്ന് വേയ്‌മോ വക്താവ് പറയുന്നു.
വാഹനത്തിനുള്ളിൽ അസാധാരണമായി എന്തോ നടക്കുന്നുണ്ടെന്ന് മനസിലാക്കിയ നിരീക്ഷണ സംഘം ഉടൻ തന്നെ യുവതിയെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് സാഹചര്യം വിലയിരുത്തിയ ശേഷം അടിയന്തര സേവനത്തിനുള്ള നമ്പരിലേക്ക് വിളിച്ചു. എന്നാൽ അടിയന്തര സഹായങ്ങളെത്തുന്നതിന് മുൻപ് തന്നെ യുവതി വാഹനത്തിൽ പ്രസവിച്ചതായും അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരായി ആശുപത്രിയിൽ എത്തിച്ചതായും കമ്പനി കൂട്ടിച്ചേർത്തു. വാഹനം ശുചീകരിക്കണമെന്നുള്ളതിനാൽ അത് സർവീസിൽ നിന്ന് മാറ്റിയതായും കമ്പനി അറിയിച്ചു.
വലുതും ചെറുതുമായ നിമിഷങ്ങളിൽ വിശ്വസനീയമായ സേവനം നൽകാൻ കഴിഞ്ഞതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ജനിച്ച് നിമിഷങ്ങൾ ആയവർക്കുമുതൽ വാർദ്ധക്യത്തിലെത്തിയവർക്കു വരെ തങ്ങൾ സേവനങ്ങൾ നൽകുന്നുണ്ടെന്നും കമ്പനി പ്രസ്‌താവനയിൽ പറഞ്ഞു.
സാൻഫ്രാൻസിസ്‌കോയിലെ ബേ ഏരിയയിലാണ് വേയ്‌മോ കമ്പനി ഡ്രൈവറില്ലാത്ത ടാക്‌സികളുടെ സേവനം നൽകുന്നത്. വെയ്മോ വൺ എന്ന ആപ്പിലൂടെയാണ് ആളുകൾ ടാക്‌സി സേവനം ബുക്ക് ചെയ്യുന്നത്. ഇതാദ്യമായല്ല വേയ്‌മയുടെ വാഹനത്തിൽ ഒരു പ്രസവം നടക്കുന്നതെന്നും കമ്പനി പറയുന്നു.