അനുമതി വൈകുന്നു; തുറമുഖ റോഡ് ബൈപ്പാസുമായി ബന്ധിപ്പിക്കാനാകുന്നില്ല
വിഴിഞ്ഞം: നാഷണൽ ഹൈവേ അതോറിട്ടിയുടെ അനുമതി വൈകുന്നതിനാൽ,തുറമുഖ റോഡ് ബൈപ്പാസുമായി ബന്ധിപ്പിക്കാനാകുന്നില്ല. ബന്ധിപ്പിച്ചാലുടൻ തുറമുഖത്തുനിന്ന് കരമാർഗം ചരക്ക് നീക്കം നടത്തും.അന്താരാഷ്ട്ര തുറമുഖ കവാടത്തിൽ നിന്ന് കഴക്കൂട്ടം - കാരോട് ബൈപ്പാസ് വരെയുള്ള റോഡിന് സമാന്തരമായുള്ള സർവീസ് റോഡുകൾ ക്രിസ്മസിന് മുൻപ് തുറന്ന് നൽകാനാണ് നീക്കം.മുല്ലൂർ ജംഗ്ഷനിൽ നിന്നും ബൈപ്പാസ് വരെയുള്ള 1.7 കിലോമീറ്റർ ദൂരം റോഡ് പൂർത്തിയാക്കിയിട്ടുണ്ട്.ഇതിന് തുടർച്ചയായി ബൈപ്പാസുമായി ബന്ധിപ്പിക്കുന്നതിന് നാഷണൽ ഹൈവേ അതോറിട്ടിയുടെ അനുമതിയാണ് ലഭിക്കാനുള്ളത്.അപേക്ഷ നൽകിയിട്ടുണ്ടെന്നും,ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിർമ്മാണക്കരാറുകാരായ മുംബയിലെ പൂനം കൺസ്ട്രക്ഷൻ കമ്പനി അധികൃതർ പറഞ്ഞു. കരമാർഗമുള്ള ചരക്കുനീക്കത്തിനായി വിഴിഞ്ഞം തുറമുഖത്തെയും കഴക്കൂട്ടം - കാരോട് ബൈപ്പാസിനെയും ബന്ധിപ്പിക്കുന്ന താത്കാലിക റോഡിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
സർവീസ് റോഡ് വരും
കരമാർഗം ചരക്കുനീക്കം തുടങ്ങുമ്പോഴുള്ള അപകടസാദ്ധ്യത മുന്നിൽക്കണ്ട്,തുറമുഖ റോഡിന് സമാന്തരമായി ഇരുവശത്തും സർവീസ് റോഡ് നിർമ്മിക്കും.ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള കുളം സംരക്ഷിക്കുന്നതിനായി പാലം പണിതാണ് റോഡ് നിർമ്മിച്ചത്. തുറമുഖ കവാടത്തിൽ നിന്ന് ബൈപ്പാസ് റോഡിലെത്തുമ്പോൾ പ്രധാന റോഡ് മൂന്നായി തിരിയും.ഇതിനുപുറമെ സർവീസ് റോഡുകളുമുണ്ടാകും.
തുറമുഖത്തു നിന്ന് ഇടതുവശത്തൂടെ വരുമ്പോൾ കുളംചുറ്റിയാകും റോഡ്.വലതുവശത്ത് പാലത്തിന് സമാന്തരമായി സർവീസ് റോഡ് നിർമ്മിക്കും.റോഡിന്റെ രൂപരേഖയായി,ടെൻഡർ നടപടികൾ ഉടനുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.നിലവിൽ കാരോട് ഭാഗത്തുനിന്ന് കോവളത്തേക്കുള്ള ബൈപ്പാസ് റോഡിനോടു ചേർന്ന് സമാന്തരമായി പോകുന്ന സർവീസ് റോഡ് മുല്ലൂർ തുറമുഖ റോഡുമായി ചേരുന്ന സ്ഥലത്തെത്തുമ്പോൾ വളഞ്ഞ് മുന്നോട്ടുപോകുന്ന രൂപത്തിലാണ് നിർമ്മിക്കുക. ഈ റോഡ് കോൺക്രീറ്റ് ചെയ്‌ത് മണ്ണിട്ടുയർത്തി ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കും.
സിഗ്നലുകൾ സ്ഥാപിക്കും
അപകടസാദ്ധ്യത ഒഴിവാക്കാൻ കന്യാകുമാരി ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് സിഗ്നൽ സംവിധാനമൊരുക്കും. അതുപോലെ കണ്ടെയ്‌നർ ലോറികൾ പ്രവേശിക്കുന്ന സ്ഥലത്തും സിഗ്നലുണ്ടാകും. ആദ്യഘട്ടം വിഴിഞ്ഞത്തുനിന്നും കഴക്കൂട്ടം ഭാഗത്തേക്ക് മാത്രമാകും ചരക്കുനീക്കമെന്നും കന്യാകുമാരി ഭാഗത്തേക്കുള്ള താത്കാലിക റോഡ് നിർമ്മാണം റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായിട്ടാണ് തുടങ്ങുകയെന്നും അധികൃതർ വ്യക്തമാക്കി.