പ്രകൃതി വിരുദ്ധ പീഡനം: 51വർഷം കഠിനതടവ്

Friday 12 December 2025 3:00 AM IST

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 51വർഷം കഠിനതടവും 125000 രൂപ പിഴയും കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ശിക്ഷ വിധിച്ചു. കാട്ടാക്കട കുളത്തുമ്മൽ പുതിയവിള പുല്ലുവിളകം ഹൗസിൽ കിച്ചു എന്ന ആരോമൽ (27)നെയാണ് കോടതി ശിക്ഷിച്ചത്. പിഴ അതിജീവിതന് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ 13 മാസം അധികം കഠിനതടവു അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. 2018 ഡിസംബറിലാണ് സംഭവം നടന്നത്. കുടുംബ സുഹൃത്ത് ആയിരുന്ന പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയ കുട്ടിയെ പ്രതി ഫോണിൽ അശ്ലീല വീഡിയോ കാണിച്ചുകൊടുക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മൂന്നുവർഷത്തോളം ഇത് ആവർത്തിച്ചു. കുട്ടിയുടെ അമ്മാവൻ കുട്ടി ലൈംഗിക വൈകൃതം സ്വയം ചെയ്യുന്നത് കണ്ടു ചോദിച്ചപ്പോഴാണ് കുട്ടി വിവരങ്ങൾ പുറത്തുപറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈനിലും കാട്ടാക്കട പൊലീസിലും പരാതി കൊടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് മാതാപിതാക്കളുടെ ചോദ്യത്തിൽ കുട്ടി എല്ലാ വിവരങ്ങളും വിശദമായി പറയുകയും ഇത് പൊലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ പ്രമോദ്, അഭിഭാഷകരായ പ്രസന്ന, പ്രണവ് എന്നിവർ ഹാജരായി. കേസിൽ അസി. സബ് ഇൻസ്പെക്ടർ സെൽവി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. അന്നത്തെ കാട്ടാക്കട ഇൻസ്പെക്ടർ കിരൺ.ടി.ആറാണ് കുറ്റപത്രം സമർപ്പിച്ചത്.