'ദിവസവും 2280 ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്', പാകിസ്ഥാന്റെ 'പുളു അടി' അസീം മുനീറിന്റെ തന്ത്രമോ?
ഇസ്ലാമാബാദ്: കടംകയറി മുടിഞ്ഞ് ഉള്ളതെല്ലാം വിറ്റ് കടം തീര്‍ക്കാനുള്ള പദ്ധതിയിലാണ് പാകിസ്ഥാന്‍. ഒരു വായ്പ അടച്ച് തീര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ മറ്റൊരു വായ്പയെ ആശ്രയിക്കുന്നതാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. ഒരു ഗതിയുമില്ലാതെ സ്വന്തം വിമാനക്കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ളവ വില്‍ക്കാനുള്ള പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണെങ്കിലും പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ക്കും ബഡായിക്കും ഒരു കുറവും സംഭവിച്ചിട്ടില്ല.
രാജ്യത്തിന്റെ തലവര മാറ്റാന്‍ സാധിക്കുന്ന രീതിയിലുള്ള എണ്ണശേഖരം കണ്ടെത്തിയെന്നാണ് പാകിസ്ഥാന്റെ ഏറ്റവും പുതിയ അവകാശവാദം. പൊതുമേഖല എണ്ണക്കമ്പനിയായ ഓയില്‍ ആന്‍ഡ് ഗ്യാസ് ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ അപൂര്‍വ ധാതുക്കളുടെ വലിയ ശേഖരം ഉണ്ടെന്ന് പാക് സൈനിക മേധാവി അസീം മുനീര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് തെറ്റായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തു.
പ്രതിദിനം 2280 ബാരല്‍ എണ്ണ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് പാകിസ്ഥാന്‍ അവകാശവാദം. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കോഹത് നാഷ്പാ ബ്ലോക്കിലാണ് എണ്ണശേഖരം കണ്ടെത്തിയതെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. പാക്കിസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ്, മാരി എഞ്ചിനിയേഴ്സ്, ജിഎച്ച്പിഎല്‍, പ്രൈം ഗ്ലോബല്‍ എനര്‍ജീസ് എന്നീ കമ്പനികളുടെ സംയുക്ത സംരംഭമാണ് ഓയില്‍ ആന്‍ഡ് ഗ്യാസ് ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ്.
അടുത്തിടെ അമേരിക്ക, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ചില കമ്പനികള്‍ പാകിസ്ഥാനില്‍ എണ്ണ ഖനനം ചെയ്യുന്നത് ശക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കടം വാങ്ങുമ്പോള്‍ വിശ്വാസ്യത ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മാത്രമാണ് ഇത്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും അസിം മുനീറിന്റെ തന്ത്രങ്ങളാണ് ഇതിനെല്ലാം പിന്നിലെന്നുമാണ് അനുമാനിക്കപ്പെടുന്നത്.