കണ്ണൂരിൽ വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ സംഘർഷം യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കും ഏജന്റുമാർക്കും മർദ്ദനമേറ്റു
പട്ടുവം അരിയിൽ വാർഡിൽ എൽ.ഡി.എഫ് ഏജന്റിനെ ലീഗ് പ്രവർത്തകർ മർദ്ദിച്ചു
കണ്ണൂർ: ജില്ലയിൽ വോട്ടെടുപ്പിനിടെ വിവിധയിടങ്ങളിൽ സംഘർഷം. സി.പി.എം പ്രവർത്തകർ സ്ഥാനാർത്ഥികളെയും ഏജന്റുമാരെയും മർദ്ദിച്ചതായി യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. പരിയാരം പഞ്ചായത്തിൽ പതിനാറാംവാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി സജീവനെ മർദ്ദിച്ചു. പരിയാരം ഹൈസ്‌കൂളിലെ രണ്ടാം ബൂത്തിൽ വെച്ചാണ് മർദ്ദിച്ചത്.പേരാവൂർ ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർഥി യൂത്ത് കോൺഗ്രസ് നേതാവുമായ സജിത മോഹനനെ മുഴക്കുന്ന് വട്ടപ്പൊയിൽ സ്‌കൂളിലെ സ്‌കൂളിലെ ബൂത്തിനകത്ത് വച്ച് സി.പി.എം പ്രവർത്തകർ മർദ്ദിച്ചെന്നും പരാതിയുണ്ട്.
ചെങ്ങളായി പഞ്ചായത്തിലെ മാവിലുംപാറ വാർഡിൽ പാസ് വാങ്ങാൻ എത്തിയ യു.ഡി.എഫ് ഏജന്റുമാരെ സി പി.എം പ്രവർത്തകർ മർദ്ദിച്ചു. കോൺഗ്രസ് പരാതി നൽകിയതിനെ തുടർന്ന് കണ്ണൂർ റൂറൽ എസ്.പി സ്ഥലം സന്ദർശിച്ചു.
മാലൂർ പഞ്ചായത്തിൽ ബൂത്തിൽ ഇരുന്ന യു.ഡി.എഫ് വനിത സ്ഥാനാർത്ഥിക്ക് മർദ്ദനമേറ്റു.മാലൂർ പതിനൊന്നാം വാർഡ് സ്ഥാനാർത്ഥി അമല, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി രാഹുൽ മേക്കിലേരി എന്നിവർക്കാണ് മർദ്ദനമേറ്റത്.കണ്ടേരി പൊയിൽ എൽ.പി സ്‌കൂളിൽ വച്ച് സി പി.എം പ്രവർത്തകർ മർദ്ദിച്ചെന്നാണ് പരാതി.
തലശ്ശേരി കതിരൂരിൽ പാനൂർ ബ്ലോക്ക് യു.ഡി.എഫ് പല്ല്യോട് ഡിവിഷൻ സ്ഥാനാർത്ഥി കെ.ലതികയെ കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽ.പി സ്‌കൂളിലെ ബൂത്തിൽ വച്ച് സി പി.എം പ്രവർത്തകർ ലതിക കൈയേറ്റം ചെയ്തതായും പരാതിയുയർന്നു. ലതികയുടെ കൈയ്യിൽ നിന്ന് വോട്ടേഴ്സ് ലിസ്റ്റ് ബലം പ്രയോഗിച്ച് പിടിച്ചു വാങ്ങിയെന്നാണ് പരാതി. .ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറുതാഴം പതിനാറാം വാർഡ് യു.ഡി.എഫ് ബൂത്ത് ഏജന്റായ സുമേഷിനും മർദ്ദനമേറ്റു.കോക്കാട് വാർഡിലെ ബൂത്തായ മണ്ടൂർ എൽ.പി സ്‌കൂളിലാണ് അക്രമം നടന്നത്. കോൺഗ്രസ് ആന്തൂർ മണ്ഡലം പ്രസിഡന്റ് പ്രജോഷിനെ ബൂത്തിൽ കയറി തല്ലയോടിച്ചതായും പരാതിയുണ്ട്. കുറ്റിയാട്ടൂർ പഞ്ചായത്തിലെ നെടുകുളം ബൂത്തിലേക്ക് പോകുന്നതിനിടെ യു.ഡി.എഫ് പ്രവർത്തകൻ അസ്ലമിനെ മർദിച്ചു. . ഗുരുതരമായ പരക്കേറ്റ അസ്ലമിനെ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
പട്ടുവം അരിയിലിൽ സി.പി.എം ബൂത്ത് ഏജന്റിന് മർദ്ദനമേറ്റു
തളിപ്പറമ്പ് പട്ടുവം പഞ്ചായത്തിലെ അരിയിൽ വാർഡിൽ സി.പി.എം ബൂത്ത് ഏജന്റ് അബ്ദുള്ളയെ ലീഗ് പ്രവർത്തകർ കൈയേറ്റം ചെയ്തു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ സി പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സന്ദർശിച്ചു.ബൂത്ത് ഏജന്റിന് നേരെ നടന്നത് യു.ഡി.എഫ് നേതാക്കളുടെ ആസൂത്രിത അക്രമമാണെന്ന് അദ്ദേഹം ആരോപിച്ചു.
നെരുവമ്പ്രം ബൂത്തിൽ സംഘർഷം
കണ്ണൂർ: ഏഴോം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് നെരുവമ്പ്രം യു.പി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ സംഘർഷം. യു.ഡി.എഫ് സ്ഥാനാർത്ഥിക്കും ബൂത്ത് ഏജന്റും ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.സ്ഥാനാർത്ഥി എം.പി മുഹമ്മദ് കുഞ്ഞി, ബൂത്ത് ഏജന്റ് ബാലകൃഷ്ണൻ,ടി ബോസ്സ്, കെ.ബാബുരാജ്, ടി.കമലാക്ഷി എന്നിവർക്കാണ് പരിക്കേറ്റത്.
കള്ളവോട്ട് തടഞ്ഞു
പയ്യന്നൂർ നഗരസഭയിലെ വാർഡ് 17 ൽ കള്ളവോട്ട് ചെയ്യാൻ ശ്രമം. വ്യാജ തിരിച്ചറിയൽ രേഖയുമായി എത്തിയ 4 പേരെ പ്രിസൈഡിംഗ് ഓഫീസർ തടഞ്ഞു. പെരുമ്പമാപ്പിള എൽ.പി.സ്‌കൂളിലാണ് സംഭവം. തുടർന്ന് പോളിംഗ് അല്പ നേരം തടസ്സപ്പെട്ടു