വോട്ടിംഗ് കേന്ദ്രത്തിന് സമീപം തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണു
Friday 12 December 2025 12:00 AM IST
ചേർപ്പ് : വോട്ടിംഗ് കേന്ദ്രത്തിന് സമീപം കാറ്റിൽ തെങ്ങ് വൈദ്യുതിക്കമ്പിയിലേക്ക് കടപുഴകി വീണു. അവിണിശ്ശേരി പഞ്ചായത്ത് പെരിഞ്ചേരി എ.എൽ.പി സ്‌കൂളിലെ പോളിംഗ് ബൂത്തിന് സമീപമാണ് സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ തെങ്ങ് 110 കെ.വി. വൈദ്യുതി ലൈനിലേക്ക് ഇന്നലെ പുലർച്ചെ 5.30ന് കടപുഴകി വീണത്. ഇതുമൂലം സ്‌കൂളിലെ വോട്ടിംഗ് കേന്ദ്ര പ്രവർത്തനങ്ങൾക്ക് അൽപ്പ സമയം വൈദ്യുതി തടസം നേരിട്ടു. ഉടൻ താത്കാലിക സംവിധാനത്തിലൂടെ വൈദ്യുതി തടസം പരിഹരിച്ച് രാവിലെ 6ന് മോക്ക് വോട്ടിംഗും തുടർന്ന് ഏഴോടെ തിരഞ്ഞെടുപ്പ് വോട്ടിംഗും ആരംഭിച്ചു. കെ.എസ്.ഇ.ബി, ഫയർഫോഴ്‌സ്, പൊലീസ് ഉദ്യോഗസ്ഥർ എത്തി ജെ.സി.ബിയുടെ സഹായത്തോടെ തെങ്ങ് മുറിച്ചു മാറ്റിയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. പ്രദേശത്ത് ഗതാഗത തടസവും നേരിട്ടു.