ചന്തേരയിലും മഞ്ചേശ്വരത്തും എൽ.ഡി.എഫ് - യു.ഡി.എഫ് സംഘർഷം

Thursday 11 December 2025 10:44 PM IST

കാസർകോട്/ തൃക്കരിപ്പൂർ: തിരഞ്ഞെടുപ്പിന്റെ അവസാനമണിക്കൂറിൽ തൃക്കരിപ്പൂർ ചന്തേരയിലും മഞ്ചേശ്വരത്തും എൽ.ഡി.എഫ്, യു ഡി എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. കാലിക്കടവ് കരക്കേരു അങ്കണവാടി ബൂത്തിൽ യു.ഡി.എഫ് ഏജന്റ് നിഷാം പട്ടേലിനെ ( 41 ) മർദ്ദനമേറ്റ പരിക്കുകളോടെ തൃക്കരിപ്പൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.ഡി.എഫ് പ്രവർത്തകരായ അഡ്വ. നവനീത് ചന്ദ്രൻ, എ.ജി. ഷംസുദ്ദീൻ എന്നിവക്കും പരിക്കേറ്റു ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. സ്ഥാനാർത്ഥി എം.പി.പി. സുലൈമാന്റെ ബൂത്ത് ഏജന്റായ നിഷാമിനെ എൽ.ഡി.എഫ് പ്രവർത്തകർ ബൂത്തിൽ കയറി മർദ്ദിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ചന്തേര പൊലീസിൽ പരാതി നൽകി.

മഞ്ചേശ്വരം പച്ചിലംമ്പാറ വാർഡിൽ എൻ.സി പി.എസ് പ്രവർത്തകരെ മുസ്ലിംലീഗ് പ്രവർത്തകർ ആക്രമിച്ചു. എൻ.സി.പി.എസ് സ്വതന്ത്രൻ അഷ്‌റഫ് പച്ചിലംമ്പാറയാണ് ഈ വാർഡിൽ സ്ഥാനാർത്ഥി. ഏജന്റുമാരെ ബൂത്തിൽ ഇരിക്കാൻ വിടില്ലെന്ന ഭീഷണിയെ തുടർന്ന് മഞ്ചേശ്വരം ഇൻസ്പെക്ടർക്ക് വോട്ടെടുപ്പിന് മുമ്പ് പരാതി നല്കിയതിന്റെ വൈരാഗ്യത്തിലാണ് അക്രമണമെന്ന് എൻ.സി പി.എസ് നേതാക്കൾ ആരോപിച്ചു.സംഘർഷത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസ് സംഘമെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.