രക്തക്കറ മായാതെ കോവളം - തിരുവല്ലം ബൈപ്പാസ്
വാഴമുട്ടം ജംഗ്ഷനിൽ സിഗ്നൽലൈറ്റുമില്ല
കോവളം: കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ തിരുവല്ലത്തിനും കോവളം ജംഗ്ഷനുമിടയിൽ അപകടങ്ങൾ വർദ്ധിക്കുന്നു. വാഴമുട്ടം ഗവ.ഹൈസ്കൂളിന് മുൻവശത്തെ ട്രാഫിക് സിഗ്നൽ ലൈറ്റ് മിഴിയടഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ല.
അപകടമൊഴിവാക്കാൻ ബൈപ്പാസ് അധികൃതർ ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും,വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഇവിടെ പതിവാണ്. രാത്രിയിൽ ബൈപ്പാസിലെ പാച്ചല്ലൂർ ചുടുകാട് ദേവീക്ഷേത്രത്തിന്റെ മുന്നിൽ വഴിവിളക്കില്ലാത്തതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
തിരുവല്ലം,പാച്ചല്ലൂർ ചുടുകാട് ക്ഷേത്രം,വാഴമുട്ടം,വെള്ളാർ ഭാഗത്താണ് സ്ഥിരമായി അപകടങ്ങൾ നടക്കുന്നത്.ഏതാനും ദിവസം മുമ്പ് കോവളം ജംഗ്ഷൻ ബൈപ്പാസ് റോഡിൽ നിറുത്തിയിട്ടിരുന്ന സിമന്റ് ലോറിയിൽ ബൈക്കിടിച്ച് നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി വിനീഷ് മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം താമസിച്ചിരുന്ന,സ്വകാര്യ ഹോട്ടൽ മാനേജർ കാഞ്ഞിരപ്പള്ളി ചേറ്റുതോട് കണിയാംപറമ്പിൽ വീട്ടിൽ കെ.എസ്.ജോസഫ് തിരുവല്ലം ജംഗ്ഷനിലെ ബൈക്കപകടത്തിൽ മരിച്ചിരുന്നു.അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാരുടെ ആവശ്യങ്ങൾ
1) വാഴമുട്ടത്തിനും ചുടുകാട് ദേവീക്ഷേത്രത്തിനും ഇടയിൽ അണ്ടർപാസ് നിർമ്മിക്കുക
2) ചുടുകാട് ക്ഷേത്ര മീഡിയനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുക
3) വെള്ളാർ മുതൽ ചുടുകാട് ക്ഷേത്രം വരെയുള്ള ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുക
4) കോവളം - തിരുവല്ലം ബൈപ്പാസിൽ രാവിലെ 5 മുതൽ 9വരെ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തുക
5) ബൈപ്പാസിൽ ടോൾപ്ലാസ മുതൽ വാഴമുട്ടം വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുക
6) അപകടമേഖല ബോർഡുകൾ സ്ഥാപിക്കുക
നിലവിൽ കോവളം ജംഗ്ഷനിൽ രാവിലെ 8 മുതലാണ് സിഗ്നൽലൈറ്റുകൾ പ്രവർത്തിക്കുന്നത്.തിരക്കുള്ള ജംഗ്ഷനിൽ രാവിലെ 7 മുതൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നും,അപകടങ്ങൾ ഒഴിവാക്കാൻ പരിശോധന ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ 6 മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് നടന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ തിരുവല്ലം - കോവളം ബൈപ്പാസിൽ നടന്ന അപകടങ്ങളിൽ 60ഓളം പേർക്ക് പരിക്കേറ്റിരുന്നു