ക്രിസ്മസ് മധുരവുമായി കേക്ക് വിപണി സജീവം

Friday 12 December 2025 1:55 AM IST

തിരുവനന്തപുരം: ക്രിസ്മസ് വിപണിയിൽ പ്ലം കേക്കുകൾ സജീവമായി. ബേക്കറികളിൽ മറ്റ് ക്രീം കേക്കുകളുടെ സ്ഥാനം പ്ലം കേക്ക് കൈയടക്കിക്കഴിഞ്ഞു.ബേക്കറി ഉടമകളും ഹോം ബേക്കർമാരും പ്ലം കേക്കിനുള്ള ഓർഡറുകൾ സ്വീകരിച്ചുതുടങ്ങി. രണ്ടുമാസം മുൻപ് തന്നെ കേക്ക് നിർമ്മാണത്തിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പാളയം,പട്ടം,മെഡിക്കൽ കോളേജ്,കിഴക്കേകോട്ട എന്നിവിടങ്ങളിലെ ക്രിസ്മസ് വിപണികളിൽ നോർമൽ പ്ലം കേക്ക്,റിച്ച് പ്ലം കേക്ക്,എഗ്ഗ് ലെസ് പ്ലം കേക്ക്,വീറ്റ് ആൻഡ് ജാഗരി പ്ലം കേക്ക് തുടങ്ങിയ കേക്കുകൾ ലഭ്യമാകുന്നുണ്ട്.

കൂടാതെ വൈൻ കേക്ക്,ഡേറ്റ്സ് ആൻഡ് നട്ട് എന്നിവയാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നത്.ആളുകൾ ഇതിനോടകം തന്നെ പ്രീബുക്കിംഗുകളും തുടങ്ങിയിട്ടുണ്ട്. ഈ വർഷം ഗുണമേന്മയുള്ള രുചിക്കൂട്ടുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന വീട്ടിലുണ്ടാക്കുന്ന കേക്കുകൾക്കാണ് വിപണിയിൽ ആവശ്യക്കാരേറെ.

സംരംഭകർക്ക് നല്ലകാലം കേക്ക് വീട്ടിൽ നിർമ്മിച്ച് വിൽക്കുന്നവർക്ക് ക്രിസ്മസ് സീസൺ വലിയ അവസരമാണ്. സോഷ്യൽ മീഡിയ പ്രൊമോഷനുകൾ വഴിയും ഇൻസ്റ്റാഗ്രാം റീലുകൾ വഴിയുമാണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. കേക്കുകൾക്ക് പുറമെ വൈൻ വില്പനയും സജീവമാണ്. കൂടാതെ, കൈകൊണ്ട് നിർമ്മിക്കുന്ന ക്രിസ്മസ് ഡെക്കറേഷനുകൾ,സാന്റാക്ലോസ് പാവകൾ,നക്ഷത്രങ്ങൾ,ക്രിസ്മസ് ട്രീ,എൽ.ഇ.ഡി ലൈറ്റുകൾ എന്നിവയും വിപണിയിലെത്തിയിട്ടുണ്ട്.

ഡയറ്റ് സ്‌പെഷ്യൽ കേക്ക് ആരോഗ്യകാര്യത്തിൽ മലയാളിയുടെ ശ്രദ്ധ കണക്കിലെടുത്ത് ഡയറ്റ് സ്‌പെഷ്യൽ കേക്കുകളും എത്തിയിട്ടുണ്ട്. ഡയറ്റും നോക്കുന്നവർക്കും, ആരോഗ്യപ്രശ്നങ്ങളുള്ളവർക്കുമായി മുട്ടയും പഞ്ചസാരയും ചേർക്കാതെ തയ്യാറാക്കിയ ജാഗരി പ്ലം കേക്കും ലഭ്യമാണ്.കഴിഞ്ഞ വർഷത്തേക്കാൾ കേക്കുകൾക്ക് വില കൂടിയിട്ടുണ്ട്. ചെറുകിട കച്ചവടക്കാർ കേക്കുകൾ കുറഞ്ഞ വിലയ്ക്ക് എടുത്താണ് കച്ചവടം നടത്തുന്നത്.

പ്ളം കേക്ക് വില

നോർമൽ പ്ളം കേക്ക് (അരക്കിലോ): 298- 475

നോർമൽ പ്ളം കേക്ക് (ഒരു കിലോ): 595 - 950

റിച്ച് പ്ളം കേക്ക് (അരക്കിലോ): 375

മുട്ട ചേർക്കാത്ത പ്ളം കേക്ക് (400 ഗ്രം): 350