നഗരമദ്ധ്യത്തിൽ സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞുകയറി
അപകടം ഇരുചക്രവാഹന യാത്രികനെ ഇടിച്ചിട്ട ശേഷം ഒഴിവായത് വൻദുരന്തം
തൊടുപുഴ: നഗരമദ്ധ്യത്തിൽ സ്വകാര്യ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഇരുചക്രവാഹന യാത്രികനെ ഇടിച്ചിട്ട ശേഷം കടയിലേക്ക് പാഞ്ഞ് കയറി രണ്ടു പേർക്ക് പരിക്ക്. റോട്ടറി ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടമായ ബസ് ഇരുചക്ര വാഹന യാത്രികനെ ഇടിച്ചിട്ട ശേഷം എതിർവശത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. ഇവിടെയുള്ള കടമുറിയുടെ ഭിത്തിയടക്കം തകർത്താണ് ബസ് നിന്നത്. തൊടുപുഴ- മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന അബിൽമോൻ ബസാണ് അപകടത്തിൽപെട്ടത്. തൊടുപുഴയിൽ നിന്ന് മുവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് അമ്പലം ബൈപ്പാസിൽ നിന്ന് തിരിയുന്നതിനിടയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് ഡ്രൈവർക്കും ബൈക്ക് യാത്രികനുമാണ് പരിക്കേറ്റത്. ഇരുവരെയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ബസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ ഇലക്ട്രിക് കടയിലേക്ക് ഇടിച്ചു കയറിയ സമയം ഉടമയും ജീവനക്കാരും കടയിലുണ്ടായിരുന്നു. ഭാഗ്യത്തിനാണ് ഇവർ രക്ഷപ്പെട്ടത്. അപകടത്തിൽപ്പെട്ട ഇരുചക്രവാഹന യാത്രികനും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
നിരത്തുകളിലെ മത്സരയോട്ടം നിയന്ത്രിക്കണം
നിരത്തുകളിലെ മത്സരയോട്ടമാണ് ഇത്തരം ബസപകടങ്ങൾക്ക് കാരണമെന്ന ആക്ഷേപം ശക്തമാണ്. ബസിന്റെ കാലപ്പഴക്കം പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രദേശത്ത് മുമ്പും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. ബസുകളുടെ മത്സരയോട്ടത്തിനിടയിലാണ് കൂടുതലും അപകടങ്ങളെന്ന വിമർശനമുണ്ട്. സമയക്രമം പാലിക്കാനായി തിരക്കേറിയ പാതയിൽ ഓട്ടപ്പാച്ചിൽ നടത്തുന്ന ബസുകൾക്ക് എതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സീബ്രാ ലൈനുകളിൽക്കൂടി നടന്നാൽ പോലും സ്വകാര്യബസുകൾ കാൽനട യാത്രക്കാരെ ഇടിച്ചിടാൻ ശ്രമിക്കുന്നതായും വ്യാപക പരാതിയുണ്ട്. ഇത് പലപ്പോഴും കാൽനട യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ തർക്കത്തിനിടയാക്കാറുണ്ട്. ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് ഇല്ലാത്തതിനാലും മറ്റ് സ്വകാര്യവാഹനങ്ങളും തോന്നുംപടിയാണ് ഇതുവഴി കടന്ന് പോകുന്നത്. അമ്പലം ബൈപ്പാസ് റോഡിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വരെ വൺവേയാണെങ്കിലും ഇതിന് ശേഷമുള്ള വഴിയിൽ ഇരുഭാഗത്തേക്കും വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. ഇതിനാൽ റോട്ടറി ജംഗ്ഷനിൽ നിന്ന് വാഹനങ്ങൾ ഇരുഭാഗത്തേക്കും തിരിഞ്ഞുകയറി സഞ്ചരിക്കും. ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ ആളില്ലാത്തതിനാൽ പലപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്. അപകടങ്ങൾ തുടർക്കഥയാകാതിരിക്കാൻ ട്രാഫിക് പൊലീസും മോട്ടോർവാഹന വകുപ്പും ശക്തമായ ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാണ്.