വയോധികനെ തടഞ്ഞു നിർത്തി കവർച്ച: രണ്ട് പ്രതികൾ പിടിയിൽ
Friday 12 December 2025 12:40 AM IST
എഴുകോൺ: റോഡിൽ തടഞ്ഞുനിറുത്തി വയോധികന്റെ മൊബൈൽ ഫോണും പണവും അപഹരിച്ച രണ്ട് പ്രതികളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കാരുവേലിൽ മഹീൻമന്ദിരത്തിൽ സുദീപൻ (51), കാരുവേലിൽ ശ്രീമൂലം വീട്ടിൽ പ്രശാന്തൻ (62) എന്നിവരാണ് പിടിയിലായത്.
കാരുവേലിൽ അഖിൽ ഭവനത്തിൽ നടരാജനാണ് കവർച്ചയ്ക്ക് ഇരയായത്. വീടിന് സമീപത്തുള്ള തുരുത്തേൽ മുക്കിലെ കടയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. പ്രതികൾ ഓട്ടോറിക്ഷയിലെത്തിയാണ് കവർച്ച നടത്തിയത്.
എഴുകോൺ ഐ.എസ്.എച്ച്.ഒ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടി. എസ്.ഐ.മാരായ ദീപു പിള്ള, സന്തോഷ് കുമാർ, എ.എസ്.ഐ. സജു, സി.പി.ഒ.മാരായ കിരൺ, വിനയൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.