മണ്ണഞ്ചേരിയിലെ റീ പോളിംഗ്: വോട്ട് ചെയ്തത് 71.66% പേർ

Thursday 11 December 2025 11:43 PM IST

മുഹമ്മ : വോട്ടിംഗ് മെഷീനി​ൽ പേരിന് നേരെയുള്ള ബട്ടൺ പ്രവർത്തിക്കാതിരുന്നതിനെത്തുടർന്ന് ഉപേക്ഷി​ച്ച മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒന്നാംനമ്പർ ബൂത്തിലെ റീപോളിംഗ് ഇന്നലെ നടന്നു. 71.66ശതമാനം പോളിംഗാണ് രേഖപ്പെടുത്തി​യത്. ആകെയുള്ള 1077 വോട്ടർമാരി​ൽ 368പുരുഷൻമാരും 404 സ്ത്രീകളും ഉൾപ്പെടെ 772പേർ വോട്ട് രേഖപ്പെടുത്തി.

ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ ബി.എസ്.പി സ്ഥാനാർത്ഥിയായ ശൈലജ എസ്.പൂഞ്ഞിലിയുടെ പേരിന് നേരെയുള്ള ബട്ടണാണ് ചൊവ്വാഴ്ച നടന്ന തി​രഞ്ഞെടുപ്പി​ൽ പ്രവർത്തി​ക്കാതി​രുന്നത്.

ഇന്നലെ രാവിലെ മന്ദഗതിയിലാണ് വോട്ടെടുപ്പ് തുടങ്ങിയതെങ്കി​ലും പി​ന്നീട് പോളിംഗ് വർദ്ധി​ച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്തി​ലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി നവാസ് നൈന ക്യൂവിൽ നിന്നവരോട് വോട്ട് അഭ്യർത്ഥിച്ചത് ബഹളത്തി​നി​ടയാക്കി​. പൊലീസ് തടഞ്ഞി​നെത്തുടർന്ന് നവാസ് ബഹളമുണ്ടാക്കുകയായി​രുന്നു. തുടർന്ന് കൂടുതൽ പൊലീസെത്തി നിയന്ത്രണം ഏറ്റെടുത്തു നിലയുറപ്പിച്ചു. ആവശ്യമില്ലാതെ സ്കൂൾ കോമ്പൗണ്ടിൽ നിന്നവരെ വെളിയിലി​റക്കി. വൈകി​ട്ട് 6 ഓടെ തന്നെ പോളിംഗ് അവസാനി​ച്ചു.