ദേശീയപാതയെ ഇനി ദൈവം രക്ഷിക്കട്ടെ!
പൊതുനിരത്തുകളിലെ യാത്രാ സുരക്ഷിതത്വം എന്നത് വാഹനങ്ങളുമായും ഡ്രൈവിംഗുമായി മാത്രം ബന്ധപ്പെട്ടതാണ് എന്നായിരുന്നു അടുത്തകാലം വരെ നമ്മുടെ വിചാരം. ആ ധാരണ തകർന്നടിഞ്ഞത്, ദേശീയപാത 66-ന്റെ വികസനപ്രവൃത്തികൾ നടക്കുന്ന മലപ്പുറം കൂരിയാട് ഭാഗത്ത് കഴിഞ്ഞ മേയ് മാസത്തിൽ പാത അപ്പാടെ ഇടിഞ്ഞമർന്നതോടെയാണ്. ഭാഗ്യംകൊണ്ടു മാത്രം ആരും മണ്ണിനടിയിലായില്ല. കൂരിയാട് അപകടത്തിനു പിന്നാലെ കാസർകോട് ഉൾപ്പെടെ ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന പല റീച്ചിലും അപാകതകൾ കണ്ടെത്തുകയും, ചെറിയ തോതിലുള്ള അപകടങ്ങൾ സംഭവിക്കുകയും ചെയ്തതാണ്. കൂരിയാട്ടെ അപകടം പിന്നിട്ട് ആറു മാസങ്ങൾക്കു ശേഷമാണ് കൊല്ലം മൈലക്കാട് ഭാഗത്ത് കൂരിയാട്ടേതുപോലെ തന്നെ പാത അമർന്നുതാഴുകയും, ചെറുവാഹനങ്ങളെ വിഴുങ്ങാൻ പാകത്തിൽ സർവീസ് റോഡ് വിണ്ടുകീറി വാപൊളിക്കുകയും ചെയ്തത്! അവിടെയും തുണയായത് ഭാഗ്യം മാത്രം. 'നിർമ്മിക്കാൻ അതോറിട്ടിയും രക്ഷിക്കാൻ ദൈവവും" എന്നതായിരിക്കുന്നു ദേശീയപാതയുടെ സ്ഥിതി!
വൈകിയാണെങ്കിലും 'കൂരിയാടും മൈലക്കാടും" ചില ചെറിയ പാഠങ്ങളെങ്കിലും ദേശീയ പാതാ അതോറിട്ടിയെ പഠിപ്പിച്ചെന്നു വേണം, കേരളത്തിൽ ഉടനീളം ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് സുരക്ഷാ പരിശോധന നടത്താൻ അതോറിട്ടി തീരുമാനിച്ചിരിക്കുന്നതിൽ നിന്ന് മനസിലാക്കാൻ. കാസർകോട് മുതൽ തിരുവനന്തപുരം വരെ 603 കി.മീറ്ററിലധികം വരുന്ന എൻ.എച്ച് നിർമ്മാണത്തിന്റെ മുഴുവൻ റീച്ചുകളിലുമായി ആകെ 378 സ്ഥലങ്ങളിൽ പരിശോധന നടത്താനാണ് തീരുമാനം. നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞതും, നടന്നുകൊണ്ടിരിക്കുന്നതും, ഇനിയും പണി തുടങ്ങിയിട്ടില്ലാത്തതുമായ ലൊക്കേഷനുകൾ ഉൾപ്പെടെ നൂറ് സ്ഥലങ്ങളിൽ ഒരുമാസത്തിനകം മണ്ണ് പരിശോധന നടത്താനാണ് ഒരുങ്ങുന്നത്. ജിയോ ടെക്നിക്കൽ ഏജൻസികളെ പണി ഏല്പിക്കുകയും ചെയ്തുകഴിഞ്ഞു. ബാക്കിയുള്ളിടത്ത് മൂന്നുമാസത്തിനകം പരിശോധന നടത്തും. ഗുരുതരമായ തകരാറ് കണ്ടെത്തുന്ന ഇടങ്ങളിൽ പാത പൊളിച്ചുനീക്കി, പുനർനിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാവുമെന്ന് അതോറിട്ടി വ്യക്തമാക്കിക്കഴിഞ്ഞു.
ജീവാപായം ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ കരുതൽ നടപടി സ്വീകരിക്കാൻ നിശ്ചയിച്ചത് അഭിനന്ദനാർഹമാണെങ്കിലും, ഭാരവാഹനങ്ങൾ ഉൾപ്പെടെ ഇരുപത്തിനാല് മണിക്കൂറും ആയിരക്കണക്കിന് വാഹനങ്ങൾക്ക് ഇടതടവില്ലാതെ സഞ്ചരിക്കാനുള്ള ദേശീയപാതയുടെ നിർമ്മാണത്തിനു മുമ്പ് സ്ഥലത്തെ മണ്ണിന്റെ ഉറപ്പ് പരിശോധിച്ച് പാതയുടെ സുരക്ഷിതത്വം ഉറപ്പുവരുത്താതിരുന്നതിന് ആരാണ് സമാധാനം പറയുക?പാത ഇടിഞ്ഞുതാഴ്ന്ന മലപ്പുറം കൂരിയാട്ടും, കൊല്ലം മൈലക്കാട്ടും അത് പണിതത് മണ്ണിന് ഉറപ്പില്ലാത്ത വയലിലും ചതുപ്പിലുമായിരുന്നു. ഉയരത്തിൽ പാത നിർമ്മിക്കുന്നതിന് നികത്താൻ ഉപയോഗിച്ചതാകട്ടെ, കായലിൽ നിന്നും മറ്റും കോരിയെടുത്ത ദുർബല ഘടനയുള്ള മണ്ണും. ഈ മണ്ണിട്ടു നികത്തി, അതിനു മീതെ നിർമ്മിക്കുന്ന പാത, വലിയ സമ്മർദ്ദമൊന്നും താങ്ങുകയില്ലെന്ന് മനസിലാക്കാൻ അപാരമായ എൻജിനിയറിംഗ് വൈദഗ്ദ്ധ്യമൊന്നും വേണ്ട. അപ്പോൾ, അറിഞ്ഞുകൊണ്ട് അപകടക്കെണി പണിതു എന്നാണോ ജനം മനസിലാക്കേണ്ടത്?
എൻ.എച്ചിന്റെ ഭാഗമായി ഉയരപ്പാതകളുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം, അവയുടെ ചരിവിനു താഴെയുള്ള സർവീസ് റോഡുകളിലൂടെയാണ് നിലവിൽ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. പുതിയ ദേശീയപാതയിൽ കയറ്റവും ഇറക്കവും മറ്രും ഒഴിവാക്കി, റോഡ് സമനിരപ്പിലാക്കുന്നതിനായി മിക്കയിടത്തും ഇത്തരം മൺതിട്ടകൾ കാണാം. നിർമ്മാണപ്പിഴവ് പലയിടത്തും ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതുകൊണ്ട്, സംസ്ഥാനത്തുടനീളം സർവീസ് റോഡുകളിലൂടെയുള്ള സഞ്ചാരം പോലും ഇപ്പോൾ അപകടകരമാണെന്ന് പറയാതെ വയ്യ. ഉയരപ്പാത ഇടിഞ്ഞുതാഴുമ്പോൾ, സർവീസ് റോഡുകൾ വലിയ വീതിയിൽ വിണ്ടുകീറുന്നതാണ് പ്രത്യാഘാതം. എപ്പോൾ വേണമെങ്കിലും 'ഭൂമി വിഴുങ്ങിയേക്കാം" എന്ന ഭീതിയോടെ വേണോ ഈ വഴികളിലൂടെ യാത്രചെയ്യാൻ? മുഴുവൻ റീച്ചുകളിലും ദേശീയപാതാ നിർമ്മാണ സ്ഥലത്തെ മണ്ണിന്റെ ബലം പരിശോധിക്കുന്നതിൽ ചെറിയ ഉദാസീനത പോലും വരുത്തില്ലെന്ന നിർബന്ധബുദ്ധിയും ഉത്തരവാദിത്വവും പുലർത്തേണ്ടത് ദേശീയപാതാ അതോറിട്ടിയാണ്. അതിന് മനുഷ്യജീവന്റെ വിലയുണ്ടെന്ന് മറക്കരുത്.